Health Kerala

കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് മെഗാ ക്യാംപ് മുടങ്ങി

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയില്‍ മെഗാ ക്യാംപ് മുടങ്ങി. വാക്സിനെടുക്കാനെത്തിയവരെ തിരിച്ചയച്ചു. ഇന്ന് കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ മുടങ്ങുമെന്നാണ് ആശങ്ക.

തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വാക്സിന്‍ ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ ഇന്ന് 100 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത്. 11 മണിക്ക് ശേഷം വാക്സിനെടുക്കാനെത്തിയവരെ മുഴുവന്‍ തിരിച്ചയച്ചു. കോവാക്സിന്‍ എടുത്തവര്‍ക്ക് സംസ്ഥാനത്തിന്റെ പല ഭാഗത്തും രണ്ടാം ഡോസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

സംസ്ഥാനം ആവശ്യപ്പെട്ട വാക്സിന്റെ ചെറിയൊരു ശതമാനം മാത്രമാണ് കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇന്ന് കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ താളം തെറ്റും. തിരുവനന്തപുരവും എറണാകുളവും അടക്കം 5 ജില്ലകളിലാണ് കോവീഷീല്‍ഡ് വാക്സിന്‍ ക്ഷാമം നേരിടുന്നത്.

കോവാക്‌സിൻ ആദ്യ ഡോസ്‌ എടുത്തവർക്ക്‌ രണ്ടാം ഡോസ്‌ നൽകേണ്ടതിനാല്‍ നിലവിലുളള കോവാക്സിന്‍ രണ്ടാം ഡോസിനായി മാറ്റിവെക്കാനാണ് തീരുമാനം. ഒരാഴ്ചത്തേക്കെങ്കിലുമുള്ള വാക്സിന്‍ എത്തിയാല്‍ മാത്രമാണ് ക്യാംപുകള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ കഴിയൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.