ഇന്ത്യയില്‍ സെക്കന്‍ഡറി കോണ്ടാക്ടുകള് കണ്ടെത്തുന്നത് കേരളത്തില്‍ മാത്രമാണ്
കേരളത്തില്‍ രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ചകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മരണനിരക്ക് 0.33 ശതമാനം മാത്രമാണ്. പരിശോധനയിൽ കേരളം മുന്നിലാണെന്നും കോവിഡ് അവലോകനയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ സെക്കന്‍ഡറി കോണ്ടാക്ടുകള് കണ്ടെത്തുന്നത് കേരളത്തില്‍ മാത്രമാണ്. എന്നാൽ ഇതൊന്നും അറിയാതെ ചിലർ വിമർശനം നടത്തുകയാണ്. യാഥാര്‍ഥ്യം എത്രതവണ പറഞ്ഞിട്ടും ചിലര്‍ കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റുകളില്‍ കേരളം ബഹുദൂരം മുന്നിലാണ്. ഒരു കോവിഡ് പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നത്. മഹാരാഷ്ട്രയില്‍ ഇത് അഞ്ചും ഡല്‍ഹിയില്‍ ഏഴും തമിഴ്നാട്ടില്‍ പതിനൊന്നും കര്‍ണാടകയില്‍ പതിനേഴും ഗുജറാത്തില്‍ പതിനൊന്നുമാണ്. കേരളം ടെസ്റ്റുകളുടെ കാര്യത്തില്‍ പിറകിലാണെന്ന് പറയുന്നവര്‍ നോക്കുന്നത് കേവലം ടെസ്റ്റുകളുടെ എണ്ണം മാത്രമാണ്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകള്‍ നടത്തുന്നു എന്നതാണ് പ്രധാനം. ഐസിഎംആറിലെ പ്രധാനശാസ്ത്രജ്ഞനായ രാമന് ഗംഗംഖേദ്കര്‍ കേരളം കൈക്കൊണ്ടരീതിയെ കുറിച്ച് എടുത്തുപറയുകയും എന്തുകൊണ്ട് അത് അംഗീകരിക്കപ്പെടേണ്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ നാം കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് രാജ്യം മുഴുവന്‍ രോഗം നാശം വിതക്കുമ്പോഴും കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് ടെസ്റ്റിനെ കുറിച്ച് പറയുകയാണെങ്കില്‍ പരിശോധന ആരംഭിച്ചത് ഒരു ടെസ്റ്റിങ് സെന്ററിലാണ്. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 59ും സ്വകാര്യമേഖലയില്‍ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഉണ്ട്.ആദ്യം പിസിആര്‍ ടെസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ്, ജീന്‍ എക്സ്പേര്‍ട്ട്, ഇമ്യൂണോഅസെ തുടങ്ങിയ ടെസ്റ്റുകള്‍ ഉണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.