കോവിഡ് സ്ഥിരീകരിച്ച രോഗലക്ഷണം ഇല്ലാത്തവരെയാണ് വീടുകളില്‍ ചികിത്സയിലിരിക്കാന്‍ അനുവദിക്കുന്നത്.
കോവിഡ് പോസിറ്റീവായവര്‍ക്ക് സ്വന്തം വീടുകളില്‍ ചികിത്സ നല്‍കാന്‍ കാസര്‍കോട് ജില്ലയിലും അനുമതി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് സ്ഥിരീകരിച്ച രോഗലക്ഷണം ഇല്ലാത്തവരെയാണ് വീടുകളില്‍ ചികിത്സ നേടാന്‍ അനുവദിക്കുന്നത്. രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ നിരീക്ഷണം കാര്യക്ഷമമാക്കാനും തീരുമാനം.
ജില്ലയില്‍ 21 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 4283 രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടം ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ 10 സിഎഫ്എല്‍ടിസികളിലായി 1464 ബെഡുകളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നതിന് പ്രയാസം നേരിടുന്ന സാഹചര്യമുണ്ടായി. ഇതാണ് കോവിഡ് സ്ഥിരീകരിച്ച രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് ചികിത്സിക്കാനുള്ള തീരുമാനത്തിന് കാരണം.
വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിന്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഇതിന്‍റെ ചുമതല. ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ വീട്ടില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തും. ഇതിന് ശേഷമാണ് രോഗികളെ വീടുകളില്‍ താമസിച്ച് ചികിത്സിക്കുന്നതിനുള്ള അനുമതി നല്‍കുക. ഓരോ ഗ്രാമപഞ്ചായത്തുകളും കുറഞ്ഞത് 10 ഫിഗര്‍ ടിപ് പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങി വീടുകളില്‍ കഴിയുന്ന കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.