Kerala

രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍

സ്റ്റേഷന്‍ പൂര്‍ണമായി അണുവിമുക്തമാക്കും.പി പി ഇ കിറ്റ് ധരിച്ച പോലീസുകാരായിരിക്കും സ്റ്റേഷനിലുണ്ടാവുക. പരാതിയുമായി ആരും സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി

രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. പോലീസുകാരുമായി ഇടപഴകിയ ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും ഇവര്‍ നിരീക്ഷണത്തിൽ പോയില്ലെന്നു ആക്ഷേപമുണ്ട്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റൊരാള്‍ മലപ്പുറം സ്വദേശിയുമാണ്. തുടര്‍ന്നാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കിയത്.

പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്റ്റേഷനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള 24 പൊലീസുകാരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്റ്റേഷന്‍ പൂര്‍ണമായി അണുവിമുക്തമാക്കും. പി പി ഇ കിറ്റ് ധരിച്ച പോലീസുകാരായിരിക്കും സ്റ്റേഷനിലുണ്ടാവുക. പരാതിയുമായി ആരും സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചു.

വയനാട്ടില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ നിലവില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി.