Kerala

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് വ്യാപനം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആയി. മരണവും കൂടുകയാണ്. അതേസമയം മെഡിക്കൽ ഓക്സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാൻ സർക്കാർ ജാഗ്രതാ നിർദേശം നൽകി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും രോഗവ്യാപനം രൂക്ഷമാണ്. ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനത്തിന് അടുത്തെത്തുന്നത്. കോവിഡ് മൂലം 68 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ആകെ മരണം 5,814 ആയി. ലോക്ഡൗണിന്റെ ഗുണം ലഭിക്കാൻ ഒരാഴ്ച കഴിയുമെന്നാണ് വിലയിരുത്തൽ

ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ളവ മൂലമുള്ള രാസഅത്യാഹിതങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവയിലൂടെയുള്ള ഓക്സിജൻ വിതരണ സംവിധാനങ്ങളിലെ ചോർച്ച, അന്തരീക്ഷത്തിലെ മെഡിക്കൽ ഓക്സിജൻ, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. ഇതൊഴിവാക്കി രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ബയോ മെഡിക്കൽ എഞ്ചിനീയർമാർ ടെക്നിക്കൽ ഏജൻസിയുടെ സഹായത്തോടെ ആശുപത്രികളുടെയും ഐസിയുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു നിശ്ചിത കാലയളവിൽ ഓഡിറ്റ് നടത്തണം. ഐസിയുകൾ, ഓക്സിജൻ വിതരണമുള്ള വാർഡുകൾ, ഓക്സിജന്റെയും രാസവസ്തുക്കളുടെയും സംഭരണവും ഗതാഗത സംവിധാനങ്ങളും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. ഈ മാസം അവസാനംവരെ ആശുപത്രികളിൽ കൂടുതൽ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. അപകടമുണ്ടായാൽ അത് തരണം ചെയ്യുന്നതിന് ഓരോ ആശുപത്രിയിലും ഇൻസിഡന്റ് റെസ്പോൺസ് ടീം സജ്ജമാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.