Kerala

മഞ്ചേരിയിലെ കൗൺസിലറെ കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് മൊഴി

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.

ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.

പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ മധ്യസ്ഥ ചര്‍ച്ചയും ആക്രമണവും തമ്മിൽ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും നേരത്തേ കൗൺസിലറായിരുന്നു.