എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കാണ് അദ്ദേഹം പരാതി നൽകിയത്.
എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്നാണ് അദ്ദേഹം പരാതിയിൽ ഉന്നയിക്കുന്നത്. ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നു വർഷം പൂർത്തിയാകും മുൻപാണ് സ്ഥലം മാറ്റം.
എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമർശമുള്ള കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണ കുമാറിന്റെ ഉത്തരവിലെ പരാമർശങ്ങൾ അപമാനകരമാണ്. സിവിക് ചന്ദ്രൻ സമാന കുറ്റങ്ങൾ വേറെയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്നത് സിവിക് ചന്ദ്രന്റെ ശീലമാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് സെഷൻസ് കോടതിയുടെ ഉത്തരവിലുള്ളത്. ഇത്തരം പരാമർശങ്ങൾ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.