India Kerala

അനധികൃത നിര്‍മ്മാണം; മൂന്നാര്‍ പഞ്ചായത്തിനെതിരെ ഹൈക്കോടതി

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. തദ്ദേശസ്വയംഭരണ സ്ഥാപനം തന്നെ കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ ആര് അനുസരിക്കുമെന്നും കോടതി ചോദിച്ചു. മൂന്നാര്‍ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മാണം അനധികൃതം തന്നെയാണെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു.

മൂന്നാര്‍ മുതിരപ്പുഴയാറിന് സമീപം മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മുതിരപ്പുഴയാറിന്റെ സമീപത്തുള്ള നിര്‍മ്മാണ വിലക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിയുള്ള ഡിവിഷന്‍ ബഞ്ച് ഉത്തരവും പഞ്ചായത്തിന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. തദ്ദേശഭരണസ്ഥാപനം തന്നെ ഇത്തരത്തില്‍ നിയമലംഘനം നടത്തിയാല്‍ മറ്റുള്ളവര്‍ എങ്ങിനെ നിയമം അനുസരിയ്ക്കും. ഗുരുതരമായ നിയമലംഘനം നടത്തിയ പഞ്ചായത്തിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.

അതേസമയം പഞ്ചായത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായല്ല കെ.ഡി.എച്ച് കമ്പനി സ്ഥലം കൈമാറിയതെന്നും പാര്‍ക്കിംഗിനായി മാത്രമായിരുന്നുവെന്നുമാണ് സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയകാലത്ത് അഞ്ചു ദിവസങ്ങള്‍ ഇവിടം വെള്ളത്തിലായിരുന്നു. പഞ്ചായത്ത് നടത്തിയത് കോടതിയലക്ഷ്യ നടപടിയാണെന്നും കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കി കഴിഞ്ഞുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്‌റ്റോപ് മെമ്മോ റദ്ദാക്കാന്‍ അനുവദിയ്ക്കരുതെന്നും പഞ്ചായത്തിന്റെ ഹര്‍ജി ചെലവടക്കം തള്ളണമെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.