ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാര്‍ജിലും ഒലിച്ച് പോകില്ലെന്നും സുധാകരന്‍ പറഞ്ഞു.
സിഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നലെ ഇയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നല്കി സര്‍ക്കാര്‍ ആദരിക്കുകയാണു ചെയ്തത്. ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനമെന്ന് അദ്ദേഹം ചോദിച്ചു. സേനയിലെ ഇത്തരം പുഴുക്കുത്തുകളെ രാഷ്ട്രീയ പരിഗണനവെച്ച് മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇവരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം സിപിഎം സത്രീപക്ഷത്തല്ലെന്നു തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.
ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരും ഭരണസംവിധാനവുമെന്ന് ഓരോ സംഭവും തെളിയിക്കുന്നു. ഈ വര്‍ഷം 11,124 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. പിണറായി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.