Kerala

തദ്ദേശ തെരഞ്ഞെടുപ്പ് പോലെ എല്ലാം കേരള നേതാക്കളെ ഏല്‍പിച്ച് മാറിനില്‍ക്കില്ല ഹൈക്കമാന്‍ഡ്

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുക്കാന്‍ കൈമാറിയെങ്കിലും തീരുമാനങ്ങളെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ സൂക്ഷ്മ നീരീക്ഷണത്തില്‍ തന്നെയായിരിക്കും. കേരളത്തിലെ പതിവ് ഗ്രൂപ്പ് കളികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനുവദിക്കില്ല. ഉമ്മന്‍ചാണ്ടിയെ നായകനാക്കുന്നതില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം ഉണ്ടെങ്കിലും ഹൈക്കമാന്‍ഡിനെ ഭയന്ന് പുറമേക്ക് കാണിച്ചിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് പോലെ എല്ലാം കേരള നേതാക്കളെ ഏല്‍പിച്ച് മാറിനില്‍ക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സന്ദേശം. പ്രചാരണവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കമുള്ള ഓരോ ഘട്ടത്തിലും ഇടപെടാനാണ് തീരുമാനം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും സംഘവും അറിഞ്ഞ് മാത്രമായിരിക്കും കേരളത്തിലെ എല്ലാ നീക്കങ്ങളും. നിരീക്ഷകരായി ചുമതല നല്‍കിയിട്ടുള്ള അശോക് ഗഹലോട്ടും കൂട്ടരും 22ന് എത്തും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച നടത്തും. താമസിയാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കും. വിജയം മാത്രമായിരിക്കും ലക്ഷ്യം. ഗ്രൂപ്പ് സമവാക്യങ്ങളെ പരമാവധി പടിക്ക് പുറത്ത് നിര്‍ത്തും.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയില്‍ മാത്രം ഒതുങ്ങില്ല. ഈ മാസം 31 മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലും നിര്‍ണായക റോളില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും. ഹൈക്കമാന്‍ഡിന്‍റെ പുതിയ നീക്കത്തില്‍ ഐ ഗ്രൂപ്പ് തൃപ്തരല്ല. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അനിഷ്ടം കാട്ടിയാല്‍ ഹൈക്കമാന്‍ഡ് വടിയെടുക്കുമെന്ന് ഐ ഗ്രൂപ്പിനറിയാം. അതിനാല്‍ തെരഞ്ഞെടുപ്പ് വിജയം നേടുന്നത് വരെ എന്ത് വിട്ടുവീഴ്ചക്കും ഐ ഗ്രൂപ്പ് വഴങ്ങും. പകരമായി ഭരണത്തിലേറുന്ന സാഹചര്യമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രി പദത്തില്‍ വീതം വെപ്പിനായി അവകാശവാദം ഉന്നയിക്കും.

പുതിയ സമിതി വന്നതോടെ രാഷ്ട്രീയകാര്യ സമിതിയും അപ്രസക്തമാവും. ഇനി മുതല്‍ രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കില്ല. പകരം പത്തംഗ സമിതിയില്‍ അധികാരം കേന്ദ്രീകരിക്കപ്പെടും. ഫലത്തില്‍ കേരളത്തിലെ കെപിസിസി നേതൃത്വമെന്നത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉമ്മന്‍ചാണ്ടി ചെയര്‍മാനായ സമിതിയായി മാറും.