India Kerala

കരട് നിയമത്തിനെതിരെ എതിർപ്പ് അറിയിച്ചത് പതിനായിരത്തിലേറെ പേർ

ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനുമായി ബന്ധപ്പെട്ട് ഭരണകൂടം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ദ്വീപ് നിവാസികൾ. കരട് നിയമത്തിനെതിരെ എതിർപ്പ് അറിയിച്ചത് 10000ൽ ഏറെ പേർ. എന്നാല്‍ 593 പേർ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചതെന്നാണ് ഭരണകൂടം കോടതിയെ അറിയിച്ചത്. പൊതുജനാഭിപ്രായം ഇ മെയിൽ, തപാൽ വഴി അറിയിക്കാൻ ഏപ്രിൽ 28 മുതൽ മേയ് 19 വരെയാണ് സമയം നൽകിയത്. എല്ലാ ദ്വീപിൽ നിന്നും എതിർപ്പ് അറിയിച്ചിരുന്നുവെന്ന് ദ്വീപുകാർ പറയുന്നു.

20 ദിവസം മാത്രമാണ് അഭിപ്രായം അറിയിക്കാന്‍ ദ്വീപ് ജനതയ്ക്ക് നല്‍കിയിരുന്നത്. ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ ദിവസങ്ങള്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി എത്തി. ഇതിന് മറുപടിയായാണ് 593 പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ കോടതിയെ അറിയിച്ചത്. കവരത്തിയില്‍ നിന്ന് മാത്രം ആയിരത്തില്‍ പരം അപേക്ഷകള്‍ നേരിട്ട് കൈമാറുകയും രസീത് കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. മിനിക്കോയില്‍ നിന്ന് മൂവായിരത്തില്‍ കൂടുതലുണ്ട്. ആന്ത്രോത്ത് ദ്വീപില്‍ നിന്ന് നാലായിരത്തിലധികം പരാതികള്‍ മെയില്‍ വഴിയും തപാല്‍ വഴിയും അയച്ചിട്ടുണ്ടെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.

ലക്ഷദ്വീപ് ടൌണ്‍ പ്ലാനിങ് കരട് സംബന്ധിച്ച് ജനങ്ങള്‍ക്ക് നിരവധി ആശങ്കകളുണ്ട്. പട്ടയം കിട്ടാത്ത ഭൂമിയുള്ള നിരവധി പേര്‍ അവിടെയുണ്ട്. ഇതിനിടെയാണ് ലക്ഷദ്വീപ് വികസനം എന്ന പേരില്‍ ആരുടെ ഭൂമിയും എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്ന് കരടില്‍ പറയുന്നത്. വീടുകളും കൃഷിസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം ഭരണകൂടം ഏത് നിമിഷവും ഏറ്റെടുക്കുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്കയാണ് തപാല്‍ വഴിയും ഇ മെയില്‍ വഴിയും ദ്വീപ് നിവാസികള്‍ അറിയിച്ചത്. പക്ഷേ 593 പേര്‍ മാത്രമാണ് പരാതി അറിയിച്ചതെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. ഇ മെയില്‍ വഴിയും തപാല്‍ വഴിയും ലഭിച്ച പരാതികള്‍ പരിശോധിക്കാതെയാകും ഇങ്ങനെയൊരു കണക്ക് നല്‍കിയതെന്നാണ് ദ്വീപിലെ ജനങ്ങള്‍ പറയുന്നത്.