India Kerala

മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വ്യാജ ട്വിറ്റ്;

ബി.ജെ.പി നേതാവും ഉഡുപ്പി-ചിക്കമംഗലൂർ എംപിയുമായ ശോഭ കരന്തലജെയുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ട്വീറ്റിനെതിരെ പൊലീസിൽ പരാതി. പൗരത്വ നിയമത്തെ അനുകൂലിച്ച മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂർ പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നായിരുന്നു ശോഭ കരന്തലജെയുടെ വ്യാജ ട്വീറ്റ്. വര്‍ഗീയത സൃഷ്ടിക്കുന്ന ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ ആണ് മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്നുണ്ട്. വെള്ളത്തിനായി പ്രദേശവാസികൾ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറിന്റെ ഉടമസ്ഥൻ കിണറ്റിൽ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോൾ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാൻ ആവശ്യപ്പെട്ടു.ഈ യഥാർത്ഥ വസ്തുത ബോധപൂർവ്വം മറച്ചുവെച്ച് പ്രദേശത്തെ ഹിന്ദുക്കൾക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരിൽ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജ പ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.

ഹിന്ദു , മുസ്‌ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദ്ദത്തോടും താമസിക്കുന്ന മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ കലാപങ്ങളുള്‍പ്പടെയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമാണ് ഇത്തരം തെറ്റായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതെന്നും ആളുകളെ തെറ്റുദ്ധരിപ്പിക്കുന്ന ഇത്തരം പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശോഭാ കരന്തലജെക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 അ വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സുഭാഷ് ചന്ദ്രന്‍ കെആര്‍ ആവശ്യപ്പെടുന്നു.