Kerala

ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു: മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കവുമായി സര്‍ക്കാര്‍

മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി സര്‍ക്കാര്‍. പൊതുഭരണത്തിനൊപ്പം ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു. പ്രവാസികാര്യവും മുഖ്യമന്ത്രിക്കാണ്. വി.അബ്ദുറഹ്മാന് വഖഫിനൊപ്പം സ്പോര്‍ട്സ് വകുപ്പ് കൂടി നല്‍കി, ഒപ്പം റെയിൽവേയും നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം കഴിഞ്ഞതവണ കെ ടി ജലീല്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ്. ആ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിക്കെയാണ് മന്ത്രിസഭയുടെ അവസാനകാലത്ത് കെ ടി ജലീലിന് രാജി വെക്കേണ്ടി വന്നതും. ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നത്. വകുപ്പിന്‍റെ പ്രധാന്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. നേരത്തെ ഈ മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമം വി അബ്ദുറഹ്‍മാന് ആണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

പുതിയ വിജ്ഞാപന പ്രകാരം മുഖ്യമന്ത്രിക്ക് പൊതുഭരണത്തിനും പ്രവാസികാര്യത്തിനും ന്യൂനപക്ഷക്ഷേമത്തിനും ഒപ്പം തന്നെ പ്ലാനിംഗ്, എക്കണോമിക്ക് അഫയേഴ്സ്, സോഷ്യല്‍ ടെക്‍നോളജി, പരിസ്ഥിതി, ഇലക്ഷന്‍, എയര്‍പോര്‍ട്ട്, മെട്രോ റെയില്‍ എന്നീ വകുപ്പുകളുടെ ചുമതല കൂടി ഉണ്ടാകും. റവന്യൂവിനൊപ്പം ഭവന നിർമാണവും കെ.രാജന് നല്‍കിയിട്ടുണ്ട്. ജി ആര്‍ അനില്‍ ആണ് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി. ലീഗല്‍ മെട്രോളജി കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. നേരത്തെ ചിഞ്ചുറാണിക്കായിരുന്നു ഈ വകുപ്പ് നല്‍കിയിരുന്നത്. കഴിഞ്ഞ തവണ ആരോഗ്യമന്ത്രി കെ കെ ശൈലജ കൈകാര്യം ചെയ്ത സാമൂഹ്യനീതി വകുപ്പ് ഇത്തവണ ആര്‍. ബിന്ദുവിനാണ് നല്‍കിയിട്ടുള്ളത്. വനിതാ ശിശു ക്ഷേമം വീണാ ജോർജിനാണ്.