സമൂഹ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് സിവിൽ സർവീസ് ആറാം റാങ്കുകാരി കെ. മീര. അധ്യാപകരുടെ മികവാർന്ന പരിശീലനം മൂലമാണ് നേട്ടം കൈവരിക്കാനായത്. കൊവിഡ് കാലത്ത് നാടിനായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്ന നേട്ടം കരസ്ഥമാക്കിയ കെ. മീരയുടെ വാക്കുകളാണിത്.
മീര ബംഗളൂരുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് ആദ്യമായി ആഗ്രഹ ഉദിക്കുന്നത്. അധ്യാപികയായ അമ്മയുടെ പ്രചോദനവും മീരയുടെ ആഗ്രഹത്തിന് ഊർജം നൽകി. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് സ്വന്തമാക്കിയത്.
തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ 2016 ബാച്ച് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് കെ. മീര. വിവിധ ഇടങ്ങളിലായിട്ടായിരുന്നു ഐ.എ.എസ് കോച്ചിങ്. 2018ൽ തിരുവനന്തപുരത്താണ് പരീക്ഷാ പരിശീലനം ആരംഭിച്ചത്. 2019 മുതൽ സ്വന്തമായി പഠിച്ചു. പരീക്ഷയുടെ അവസാന നാളുകളിൽ മാത്രമാണ് ദിവസവും ഏകദേശം ഒമ്പത് മണിക്കൂറോളം തുടർച്ചയായി പഠിച്ചതെന്ന് മീര പറയുന്നു.
ചെറുപ്പത്തിൽ അയർഫോഴ്‌സിൽ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, മെഡിക്കൽ ലഭിക്കാത്തതോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. സിവിൽ സർവീസ് പരീക്ഷയിൽ മൂന്ന് തവണ പരാജയപ്പെട്ടെങ്കിലും കഠിന പ്രയത്നം തുടരാൻ തന്നെയായിരുന്നു മീരയുടെ തീരുമാനം. ആ പ്രയത്‌നം ലക്ഷ്യ സ്ഥാനത്തെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും മീര കൂട്ടിച്ചേർത്തു.
കേരള കേഡർ വേണമെന്നാണ് മീരയുടെ ആഗ്രഹം. തിരൂർ പോട്ടോർ കണ്ണമാട്ടിൽ വീട്ടിൽ ബിൽഡിങ് കോൺട്രാക്ടറായ രാമദാസന്റേയും മുണ്ടത്തിക്കോട് എൻ.എസ്.എസ്. സ്‌കൂളിലെ അധ്യാപിക രാധികയുടേയും മകളാണ് മീര. സഹോദരി വൃന്ദ ബെഗളൂരുവിൽ ജോലി ചെയ്യുന്നു.