India Kerala

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് കെസിബിസി പ്രതിനിധികൾ; യുഡിഎഫില്‍ നിന്ന് പിവി അബ്ദുൾ വഹാബ് മാത്രം

മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ക്രിസ്മസ്- പുതുവത്സര വിരുന്നില്‍ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ പങ്കെടുത്തു. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും പിവി അബ്ദുൾ വഹാബ് എം പി മാത്രമാണ് വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ വർഷം 570 പേരായിരുന്നു വിരുന്നിൽ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുൻവർഷത്തെ വിരുന്നിന്റെ ചെലവ് .മന്ത്രി സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനെ തുടര്‍ന്നാണ് കെസിബിസി പ്രതിനിധികൾ വിരുന്നില്‍ പങ്കെടുക്കാൻ തീരുമാനിച്ചത്.

ക്രൈസ്തവ സഭകള്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.
മന്ത്രി സജി ചെറിയാൻ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സിയും ഇന്നലെ അറിയിച്ചിരുന്നു. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയെ ഔചിത്യവും ആദരവുമില്ലാത്തതുമെന്നാണ് കെ.സി.ബി.സി അധ്യക്ഷന്‍ വിമര്‍ശിച്ചത്. മന്ത്രി പ്രസ്താവന പിന്‍വലിക്കുംവരെ സര്‍ക്കാരുമായി സഹകരിക്കില്ല. ആര് വിളിച്ചാല്‍ സഭ പോകണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ലെന്നും കര്‍ദിനാള്‍ പറഞ്ഞിരുന്നു.

സഭയുടെ വിമര്‍ശനം ശക്തമായതോടെയാണ് സി.പി.ഐ.എം നിലപാട് മയപ്പെടുത്തിയത്. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് പറഞ്ഞ പാര്‍ട്ടി എം.വി. ഗോവിന്ദന്‍ പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് വ്യക്തമാക്കിയിരുന്നു. അതേ സമയം സജി ചെറിയാന്‍റേത് പ്രസംഗത്തിനിടയിലെ പരാമര്‍ശം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.