Kerala

അൽ അമീന്റെ മരണം: അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം

കോഴിക്കോട് ഇയ്യാട് സ്വദേശി അൽ അമീന്റെ മരണത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശ പ്രകാരം താമരശ്ശേരി ഡിവൈഎസ്പിക്കാണ് പ്രത്യേക അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അൽ അമീന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. സുഹൃത്തുക്കളെ കാണാനായി വീട്ടിൽ നിന്നുപോയ മകൻ കൊല്ലപ്പെട്ടതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 26 ന് വൈകിട്ട് 7 മണിയോടെയാണ് കോഴിക്കോട് ഉണ്ണികുളം ഈയ്യാട് സ്വദേശിയായ അൽ അമീൻ വീട്ടിൽ നിന്നും പോകുന്നത്. സുഹൃത്തുകൾക്കൊപ്പം പുറത്ത് പോകുന്നുവെന്നാണ് മാതാപിതാക്കളോട് പറഞ്ഞത്. ഏറെ വൈകിയും അൽ അമീനെ കാണാതായതോടെ മാതാവ് ഫോണിൽ ബന്ധപ്പെട്ടു. കാണാതായതിന്റെ പിറ്റേ ദിവസം മുതൽ അമീനിന്റെ ഫോൺ പ്രവർത്തന രഹിതമായി. സുഹൃത്തിനു വിളിച്ചപ്പോൾ ഒപ്പം ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സമീപമത്തെ വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്.

പൊലീസ് അന്വേഷണത്തിൽ അസ്വഭാവികമായ ഒന്നും കണ്ടെത്തിയില്ല. എന്നാൽ ആത്മഹത്യക്കോ അപകടത്തിൽ കിണറ്റിൽ വീണ് മരിക്കാനോ സാധ്യത ഇല്ലെന്നു കുടുംബം ഉറപ്പിച്ചു പറയുന്നു. മകന്റെ മരണം കൊലപാതകമാണ് എന്നതാണ് ഈ കുടുംബത്തിന്റെ ആരോപണം. പോലീസ് അന്വേഷിച്ചു കൊലക്കു പിന്നിലെ ആളുകളെ കണ്ടെത്തി നടപടി എടുക്കണം എന്നതാണ് അവശ്യം.