Kerala

മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ നീക്കം തുടങ്ങിയെന്ന് ചെന്നിത്തല

രമണ്‍ ശ്രീവാസ്തവയിലൂടെ സി.പി.എം നേതാക്കള്‍ ലക്ഷ്യം വെയ്ക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം പോരാടുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം.

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സര്‍ക്കാരിലും എല്‍.ഡി.എഫിലും അസ്വസ്ഥകള്‍ പുകയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാളയത്തില്‍ പട രൂപപ്പെട്ടുവെന്ന് വ്യാഖ്യാനിക്കാനാണ് യു.ഡി.എഫ് നീക്കം. എല്ലാം പോലീസ് നിയമോപദേശകന്‍ അറിഞ്ഞാണെന്ന വിമര്‍ശനം സി.പി.എമ്മില്‍ രൂപ്പെടുന്നത് മുഖ്യമന്ത്രിയെ ഉന്നം വെച്ചാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വകുപ്പിനെ ധനമന്ത്രി വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രി മൌനം പാലിക്കുകയാണ്. സര്‍ക്കാരിന് കൂട്ടു ഉത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള പോര് അതിന്റെ ഭാഗമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. റെയിഡിനെ കുറിച്ച് അഭിപ്രായം പറയേണ്ടത് സി.പി.എമ്മല്ലെന്ന വിമര്‍ശനവുമായി വി.ഡി സതീശന്‍ എം.എ.ല്‍എയും രംഗത്ത് വന്നു.