Kerala

പരസ്യ പ്രചാരണം അവസാനിച്ചു; കേരളം ഇനി വിധിയെഴുത്തിലേക്ക്…

2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണു. കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനാല്‍ ഒരു മണ്ഡലത്തില്‍ത്തന്നെ നിരവധി സ്ഥലങ്ങളിലായാണ് മുന്നണികള്‍ പരസ്യ പ്രചാരണം അവസാനിച്ചത്. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങള്‍ അതി ഗംഭീരമായ രീതിയിലാണ് കൈകാര്യം ചെയ്തത്. ഇനി ഒരു ദിനം നിശബ്ദ പ്രചാരണം. ശേഷം, ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്.

പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ വലിയ ജന പങ്കാളിത്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ മണ്ഡലമായ ധര്‍മ്മടത്താണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി കോഴിക്കോടും നേമത്തും റോഡ് ഷോയില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റാലിയിലും വലിയ ജനപിന്തുണ ലഭിച്ചു.

ഏപ്രില്‍ അഞ്ചിന് നിശബ്ദ പ്രചാരണത്തിന് തയാറെടുക്കുകയാണ് മുന്നണികളും സ്ഥാനാര്‍ഥികളും. തുടര്‍ഭരണം സംഭവിക്കുമോ, അതോ യുഡിഎഫ് ഭരത്തിലെത്തുമോ എന്നറിയാന്‍ മെയ് രണ്ട് വരെ കാത്തിരിക്കേണ്ടതുണ്ട്.