India Kerala

‘അരൂരില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കും’ ജി.സുധാകരന്‍

അരൂരിൽ ബി.ഡി.ജെ.എസ് – ബി.ജെ.പി തർക്കം മുതലെടുത്ത് ഇടത് മുന്നണി. ബി.ഡി.ജെ.എസ് വോട്ടുകൾ ഇടത് മുന്നണിക്ക് ലഭിക്കുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ധാരണയൊന്നുമുണ്ടായിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ മീഡിയ വണിനോട് പറഞ്ഞു.

എൻ.ഡി.യെയുടെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. അരൂരിൽ ബി.ഡി.ജെ.എസ് പ്രചാരണ പരിപാടികളുമായി സഹകരിക്കുന്നതുമില്ല. ഈ തർക്കം മുതലെടുക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 27,753 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ ബി.ഡി.ജെ.എസിന്‍റെ ഭൂരിഭാഗം വോട്ടും ഇടത് മുന്നണിക്ക് കിട്ടുമെന്നാണ് മന്ത്രി ജി.സുധാകരൻ പറഞ്ഞത്. അഞ്ചാം തീയതി എൻ.ഡി.എയുടെ കൺവൻഷൻ നടക്കും. തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കില്ലെന്നാണ് സൂചന. ബി.ഡി.ജെ.എസിന്‍റെ നിസ്സഹകരണത്തിൽ കടുത്ത എതിർപ്പാണ്‌ ആലപ്പുഴ ബി.ജെ.പി ഘടകത്തിനുള്ളത്.