തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ച് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ബാങ്ക് മാനേജരുടെ ക്യാബിനുള്ളില്‍ കയറി കംമ്പ്യൂട്ടർ, ഫോൺ, മേശ എന്നിവയാണ് തല്ലിപ്പൊളിച്ചത്.ബാങ്കിന് പൊലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.അക്രമത്തെ കുറിച്ച് സംയുക്ത സമര സമിതി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന.സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെ 15 ഓളം സമരക്കാര്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് മാനേജര്‍ അനുകൂലമായി പ്രതികരിക്കാതെ വന്നതോടെ സമരക്കാര്‍ അക്രമം ആരംഭിച്ചു. കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിച്ചു.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ബാങ്കിന് മുന്നിലെ സമരപ്പന്തലില്‍ ഇരിക്കെയാണ് അക്രമം നടന്നത്.യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാർ ആക്രമണം തുടങ്ങിയതെന്നും മാനേജർ പറഞ്ഞു.
പൊലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന പരാതി ഉയര്‍ന്ന വന്നിട്ടുണ്ട്. മാനേജർ കന്റോണ്‍മെന്റ് പൊലീസിന് പരാതി കൈമാറിയതിനെ തുടര്‍ന്ന് ബാങ്കിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതികളെ വേഗത്തില്‍ പിടികൂടുമെന്ന്ഡി.സി. പി ചൈത്ര തെരേസ ജോൺ വ്യക്തമാക്കി. അക്രമത്തെ തള്ളിപ്പറഞ്ഞ് സി.പി.എം കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നു. ഇന്നലെ ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചിട്ടും പ്രതിഷേധം സംഘടിപ്പിക്കാതിരുന്നവര്‍ ഇന്ന് എന്ത് കൊണ്ട് അക്രമം നടത്തിയെന്ന് ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. അക്രമങ്ങളുണ്ടാകില്ലെന്നും കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും അടക്കമുള്ള നേതാക്കളുടെ വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കാകുന്നതാണ് കഴിഞ്ഞ രണ്ട് ദിവസവും കാണാന്‍ കഴിഞ്ഞത്.