Kerala

ആറന്മുളയില്‍ കടുത്ത പോരാട്ടം; ദേശീയ നേതാക്കളെ കളത്തിലിറക്കി പ്രചാരണം ശക്തമാക്കി മുന്നണികള്‍

ആറന്മുളയില്‍ കടുത്ത പോരാട്ടമെന്ന വിലയിരുത്തലില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ദേശീയ നേതാക്കളെ കളത്തിലിറക്കിയുള്ള പ്രചാരണം ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കണക്കുകൂട്ടല്‍. വീണാ ജോര്‍ജിന് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം.

കഴിഞ്ഞ തവണ കൈവിട്ട ആറന്മുള ഇത്തവണ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശിവദാസന്‍ നായര്‍. ശബരിമലയാണ് പ്രധാന പ്രചാരണ വിഷയം. എന്‍എസ്എസ് ഇടതുമുന്നണിയോട് ഇടഞ്ഞ് നില്‍ക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി റോഡ് ഷോ ആത്മവിശ്വാസം കൂട്ടിയെന്നും സ്ഥാനാര്‍ത്ഥി പറയുന്നു.

വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് വീണാ ജോജിന്റെ പ്രചാരണം. പ്രളയകാലത്തെ പ്രവര്‍ത്തനവും പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണവും ഉയര്‍ത്തിക്കാട്ടുന്നു. സ്വീകരണ കേന്ദ്രങ്ങളിലെ വലിയ ജനപങ്കാളിത്തം ശുഭസൂചനയെന്ന് വീണാ ജോര്‍ജ് പറയുന്നു.

ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ പ്രചാരണം മുന്നേറുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു മാത്യു കൂടുതല്‍ പ്രതീക്ഷയിലാണ്. സാമുദായിക സമവാക്യം, സംഘടനാ വോട്ടുകള്‍, മോദി ഫാക്ടര്‍ എന്നിവയെല്ലാം വിജയത്തിലെത്തിക്കുമെന്ന് സ്ഥാനാര്‍ത്ഥി പറയുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും അടുത്ത ദിവസം ആറന്മുളയില്‍ റോഡ് ഷോ നടത്തും.