Kerala

കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ അംഗീകൃത യൂണിയനുകളുമായി നിര്‍ണായക യോഗം നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം നല്‍കി. കൂപ്പണ്‍സിസ്റ്റം ജീവനക്കാരില്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

കാലങ്ങളായി നടന്നുവരുന്ന ചര്‍ച്ചയുടെ പരിസമാപ്തിയായിരിക്കും തിങ്കളാഴ്ചയെന്ന് മന്ത്രി പറഞ്ഞു. രാവിലെ 10 30 മുതലാണ് യോഗം ആരംഭിക്കുക. നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു.

ജൂലൈ മാസത്തെ പകുതി ശമ്പളം നല്‍കാനാണ് ആലോചന. കൂലിക്ക് പകരമായി നല്‍കുന്ന കൂപ്പണ്‍ വാങ്ങില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജീവിക്കാന്‍ കൂപ്പണ്‍ പോരെന്നും,തൊഴിലാളികള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത നിലപാട് കോടതിയുടേതെന്നും സിഐടിയു വ്യക്തമാക്കി.

ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാന്‍സും കൊടുക്കേണ്ടത്.സര്‍ക്കാര്‍ അനുവദിച്ച തുകകൊണ്ട് നേരത്തെ എടുത്ത ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ത്ത് വീണ്ടും 50 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ഓണം ബോണസിന് പണമില്ല. ജീവനക്കാരുടെ ഓണം അഡ്വാന്‍സിനായി 75 കോടി രൂപയുടെ മറ്റൊരു ഓവര്‍ ഡ്രാഫ്റ്റ് അപേക്ഷ എസ് ബി ഐയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നിലൊന്നു ശമ്പളവും,കൂപ്പണുമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ സി.ഐ.റ്റി.യു രംഗത്തെത്തി.