Kerala

നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടത്; സ്‌പീക്കർ എ എൻ ഷംസീർ

നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടതെന്ന് സ്‌പീക്കർ എ എൻ ഷംസീർ. കയ്യാങ്കളി നടന്ന ദിവസത്തേത് സവിശേഷ സാഹചര്യമെന്ന് എ എൻ ഷംസീർ പറഞ്ഞു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ബില്ലുകളിൽ ഒപ്പിടുക എന്നത് ഗവർണറുടെ ഭണഘടനാ ബാധ്യതയെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. കാലതാമസം വരുത്താം എന്നതിന് അപ്പുറം ഗവർണർക്ക് ഒപ്പിടാതിരിക്കാനാകില്ലെന്നും സ്‌പീക്കർ വ്യക്തമാക്കി.

അതേസമയം, കേരള നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ തന്റെ സഹപ്രവര്‍ത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും ‘Yes We Can’ എന്ന വാചകം തന്നെയാണ് പറയുവാനുള്ളതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭ സമ്മേളനങ്ങള്‍ ചേരുന്ന കാര്യത്തിലായാലും നിയമ നിര്‍മാണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലായാലും കേരള നിയമസഭ ബഹുദൂരം മുന്നിലാണ്. പാര്‍ലിമെന്റിന് തന്നെ മാതൃകയായി നിയമസഭ കമ്മിറ്റികള്‍, സബ്ജക്റ്റ് കമ്മിറ്റികള്‍ തുടങ്ങിയവ രൂപീകരിച്ച നിയമസഭയാണ് നമ്മുടേതെന്നും എ എന്‍ ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഇതെന്റെ പുതിയ കുടുംബം.
‘Yes We Can’
അമേരിക്കന്‍ പ്രസിഡന്റ് ആയി ചുമതലയേറ്റെടുക്കുമ്പോള്‍ ബരാക് ഒബാമ തന്റെ പ്രസംഗം ആരംഭിച്ചത് ‘Yes We Can’ എന്ന പ്രയോഗത്തോട് കൂടിയാണ്.
കേരള നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ എന്റെ സഹപ്രവര്‍ത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും Yes We Can എന്ന വാചകം തന്നെയാണ് എനിക്ക് പറയുവാനുള്ളത്.
രാജ്യത്തിനു തന്നെ മാതൃകയായി നില്‍ക്കുന്ന നിയമസഭയാണ് നമ്മുടേത്. നിയമസഭ സമ്മേളനങ്ങള്‍ ചേരുന്ന കാര്യത്തിലായാലും നിയമ നിര്‍മാണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലായാലും നാം ബഹുദൂരം മുന്നിലാണ്. പാര്‍ലിമെന്റിന് തന്നെ മാതൃകയായി നിയമസഭ കമ്മിറ്റികള്‍, സബ്ജക്റ്റ് കമ്മിറ്റികള്‍ തുടങ്ങിയവ രൂപീകരിച്ച നിയമസഭയാണ് നമ്മുടേത്.
ഈ നേട്ടങ്ങളില്‍ നിന്നും ഇനിയുമേറെ ഉയരങ്ങളിലേക്ക് നമുക്ക് നമ്മുടെ സഭയെ നയിക്കേണ്ടതുണ്ട്. ഒട്ടേറെ മാറ്റങ്ങള്‍ ഇവിടെ കൊണ്ടുവരാന്‍ സാധിക്കണം.
1921ല്‍ ആരംഭിച്ച് നൂറുവര്‍ഷം പിന്നിട്ട് നില്‍ക്കുന്ന ലൈബ്രറിയാണ് നമ്മുടെ നിയമസഭ ലൈബ്രറി. അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമായി തീര്‍ക്കുവാന്‍ സാധിക്കണം. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി കുട്ടികള്‍, അധ്യാപകര്‍ തുടങ്ങി ആര്‍ക്കും വന്ന് റെഫര്‍ ചെയ്യാന്‍ സാധിക്കുന്ന, ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായി മാറുന്ന രീതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം. അറിവ് തേടി വരുന്ന ഒരാള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കാന്‍ നമ്മുടെ ലൈബ്രറി സംവിധാനം ഒരുക്കണം.
ശ്രീ എം.ബി രാജേഷ് സ്പീക്കര്‍ ആയിരിക്കുമ്പോള്‍ തുടങ്ങിവെച്ച ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ സമയബന്ധിതമായി തന്നെ നമുക്ക് സംഘടിപ്പിക്കണം.
ഇവിടെ ലഭ്യമായ സ്ഥലപരിമിതിയില്‍ നിന്ന് കൊണ്ട് നിയമസഭ കോംപ്ലക്‌സിന്റെ ചുറ്റുവട്ടത്ത് കൃഷി നല്ല രീതിയില്‍ വ്യാപിപ്പിക്കുവാന്‍ സാധിക്കേണ്ടതുണ്ട്. അസംബ്ലി ചുറ്റുപാടില്‍ ഒരു സ്ഥലവും ഉപയോഗശൂന്യമായി കിടക്കുന്നില്ല എന്നത് ഉറപ്പുവരുത്തണം. നിയമസഭ റിസപ്ഷന്‍ മന്ദിരം, നിയമസഭ മന്ദിരത്തിന്റെ ചുറ്റുപാടുകള്‍, നിയമസഭ ഹോസ്റ്റല്‍, ഗാര്‍ഡന്‍ തുടങ്ങിയവയെല്ലാം കൂടുതല്‍ മനോഹരമാക്കി തീര്‍ക്കാന്‍ നമുക്കാകണം.
ഇത്തരത്തില്‍ ഈ നിയമസഭ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം നടക്കണമെങ്കില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമുക്കെല്ലാവര്‍ക്കുമൊന്നായി ഈ നിയമസഭയിലെ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം..
Yes We Can….