India Kerala

അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി; 50 വീടുകൾ കൈമാറി കല്യാണി പ്രിയദർശൻ

ആലുവയിൽ അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി വഴി 50 വീടുകൾ കൈമാറി. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധിയിലായ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് കൈത്താങ്ങ് ഒരുക്കുന്നത്. ചലച്ചിത്ര താരം കല്യാണി പ്രിയദർശൻ ആണ് അന്‍പതാമത് വീടിന്‍റെ താക്കോൽ കൈമാറിയത്. എംഎൽഎ അൻവർ സാദത്ത് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.അന്‍പതാം വീടിന്‍റെ താക്കോല്‍ കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും കല്യാണി പറഞ്ഞു.മൂന്ന് വീടുകളുടെ നിർമ്മാണം തുടരുകയാണ്. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആണ് വീടിനുള്ള പണം കണ്ടെത്തിയത്.അമ്മക്കിളിക്കൂടിന് അവസാനമില്ലെന്ന് ആലുവ എംഎൽഎ അന്‍വര്‍ സാദത്ത് വ്യക്തമാക്കി. ഇത് ആലുവയുടെ ഹൃദയ പദ്ധതിയാണ് . ഇതില്‍‌ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ല. ആര്‍ക്കാണോ അര്‍ഹതയുള്ളത് അവര്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. സ്വന്തമായി സ്ഥലമുണ്ട്, പക്ഷേ വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്ത ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയിലൂടെ വീട് നിര്‍മിച്ചുനല്‍കുന്നതെന്നും എംഎല്‍എ വിശദീകരിച്ചു.

അൻവർ സാദത്ത് ഫേസ്ബുക്കിൽ കുറിച്ചത്

ആലുവയുടെ ഹൃദയ പദ്ധതിയായ അമ്മക്കിളിക്കൂടിന്റെ 50 – ാ൦ മത് വീടിന്റെ താക്കോൽ കൈ മാറ്റം ഇന്ന് രാവിലെ 10 മണിക്ക് ശ്രീമൂലനഗരം മേത്തർ പ്ലാസയിൽ കുമാരി കല്യാണി പ്രിയദർശൻ നിർവ്വഹിച്ചപ്പോൾ എനിക്ക് ഉണ്ടായ സന്തോഷവും സംതൃപ്തിയും പറഞ്ഞ് അറിയിക്കുന്നതിന് അപ്പുറമാണ്.
പാവപ്പെട്ട വിധവകൾക്കായി വിഭാവനം ചെയ്ത ഈ പദ്ധതിയിലെ ഓരോ വീടിന്റെയും കല്ലിടുമ്പോഴും താക്കോൽ കൈ മാറ്റം ചെയ്യുമ്പോഴും അവരുടെ കണ്ണുകളിൽ കാണുന്ന തിളക്കവും സന്തോഷവുമാണ് ഞാൻ എന്ന ജനപ്രതിനിധി സംതൃപ്തി ആകുന്നത്.
അതുപോലെ തന്നെ ഈ പദ്ധതി വിജയിപ്പിക്കാൻ വേണ്ടി സുമനസ്സുകളായ സ്പോണ്സേമാരുടെ അകമഴിഞ്ഞ സഹായങ്ങൾ ആണ് ഈ പദ്ധതിയിലെ 53 – മത് വീട് വരെയാണ് ഇന്ന് എത്തിനിൽക്കുന്നത്. ഇത് നന്ദിയോടെ ഓർക്കുന്നു. ഇനിയും ഒത്തിരി അപേക്ഷകൾ നിലവിൽ ബാക്കിയുണ്ട്. സുമനസ്സുകളായ സ്പോൺസർമാരെ കണ്ടെത്തി വീട് വെച്ച് നൽകുവാനുള്ള ശ്രമം തുടരുന്നതാണ് അതിന് എല്ലാ നല്ലവരായവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.നിരാലംബരായ പാവപ്പെട്ട വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ചു നല്‌കി കരുണയുടെ മനസ്സ് കാണിച്ച അൻവർ സാദത്ത് എം എൽ എ യോട് വളരെയധികം ആദരവ് തോന്നുന്നതായി താക്കോൽ കൈ മാറ്റം നിർവ്വഹിച്ചുകൊണ്ട് കല്യാണി പ്രിയദർശൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ കാരുണ്യ പ്രവർത്തനത്തിലൂടെ ഇനിയും കൂടുതൽ ഭവനങ്ങൾ നിർമ്മിച്ചു മറ്റനേകം അർഹരായ അമ്മമാർക്ക് ലഭിക്കട്ടെ എന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
സിനിമാതാരം ടിനി ടോം മുഖ്യാതിഥി യായി ചടങ്ങിൽ പങ്കെടുക്കുകയും . മറ്റു ജനപ്രതിനിധികളും സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു