നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് നൽകിയഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ പരാമർശമുണ്ട്. ആർ ശ്രീലേഖയുടെ പരാമർശത്തിൽ വിശദമായ പരിശോധന വേണമെന്നും അന്വേഷണ സംഘം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാഫലം ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസിൽ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കവേയാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ഹർജി നൽകിയത്.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറൻസിക് പരിശോധനാഫലം പുറത്തുവന്നിരുന്നു. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാർഡ് തുറന്നുപരിശോധിച്ചു എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. രേഖപ്പെടുത്താതെ തുറന്നുപരിശോധിച്ചത് അനധികൃതമാണ്. മെമ്മറി കാർഡ് പരിശോധനാഫലം വിചാരണ കോടതി ക്രൈംബ്രാഞ്ചിനു കൈമാറി.
ഹാഷ് വാല്യു മാറിയതിന് പ്രതിഭാഗം നൽകുന്ന വിശദീകരണം, മെമ്മറി കാർഡ് വെറുതെ തുറന്നുനോക്കിയാലും ഹാഷ് വാല്യു മാറുമെന്നാണ്. എന്നാൽ കേവലം തുറന്നുപരിശോധിച്ചാൽ ഹാഷ് വാല്യു മാറില്ലെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുകയോ രേഖകൾ മുഴുവനായി മാറ്റപ്പെടുകയോ ചെയ്താൽ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ എന്നാണ് ഇവർ പറയുന്നത്. എന്നാൽ, വെറുതെ തുറന്നുപരിശോധിച്ചതാണെങ്കിൽ പോലും അത് നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഇങ്ങനെ തുറന്നുപരിശോധിച്ചതിന് കോടതികളിൽ രേഖയില്ല. അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണെന്നാണ് വാദം.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണൽ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.