Kerala

നഗരസഭ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി; പ്രതിഷേധം കടുപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍

ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ നഗരസഭ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനഃരാരംഭിക്കുമെന്ന് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മന്ത്രിതല ചര്‍ച്ചകളില്‍ തന്ന വാക്ക് പോലും പാലിച്ചില്ല. ശക്തമായ പ്രതിഷേധം തുടരുമെന്നും അഞ്ചുതെങ് ആക്ഷന്‍ കൗണ്‍സിലും അറിയിച്ചു.

സംഭവത്തില്‍ അല്‍ഫോണ്‍സയുടെ ഇരു കൈകള്‍ക്കും പൊട്ടലുള്ളതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തന്റെ ഉപജീവന മാര്‍ഗം തകര്‍ത്തവരെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നു മത്സ്യത്തൊഴിലാളി അല്‍ഫോണ്‍സയും പ്രതികരിച്ചു. സ്റ്റാഫ് കൗണ്‍സിലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന ആക്ഷേപവും ശക്തമാണ്.

ആഗസ്റ്റ് 10 നാണ് ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോര കച്ചവടം നടത്തുകയായിരുന്ന മത്സ്യത്തൊഴി അല്‍ഫോണ്‍സയുടെ മീനുകള്‍ നഗരസഭ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. ഒരാഴ്ച തുടര്‍ച്ചയായി നടത്തിയ പ്രതിഷേധങ്ങള്‍ക്കും, മന്ത്രിതല ഇടപെടലുകള്‍ക്കും ഒടുവിലാണ് ജീവനക്കാര്‍ക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചത്. എന്നാല്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക് ഇസ്മയിലിന്റെയും, ശുചീകരണ തൊഴിലാളി ഷിബുവിന്റെയും സസ്‌പെന്‍ഷന്‍ നഗരസഭ ഇന്നലെ പിന്‍വലിച്ചു. സസ്പെന്‍ഷന്‍ കാലയളവ് അര്‍ഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.