India Kerala

കണക്കുകള്‍ തോറ്റുപോകുന്ന കോഴിക്കോട് മണ്ഡ‍ലം: ഇത്തവണ കണക്കുകള്‍ തെറ്റുമോ, ചരിത്രം ആവര്‍ത്തിക്കുമോ

ഇടത് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് കോഴിക്കോട്. സി.പി.എമ്മിന് കണ്ണൂര്‍ ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുള്ള ജില്ലയാണ് ഇത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്നും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ജില്ല. മത ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഇടത് പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ട് ഈ ജില്ലയില്‍. എന്നാല്‍‌ ഈ സ്വാധീനമൊന്നും ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് അനുകൂലമാവുന്നില്ല. പാര്‍ലമെന്‍റ് മണ്ഡലത്തിലെ ചരിത്രം പരിശോധിച്ചാല്‍ ഈ കണക്കുകള്‍ തെറ്റിപോകാ‌റാണ് പതിവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രം നിറം മാറുന്നതെങ്ങനെയെന്ന ചോദ്യം ഇരു മുന്നണികളെയും ചെറുതായല്ല അമ്പരപ്പിക്കുന്നത്.

കോഴിക്കോട് പാര്‍‌ലമെന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിന് കടും ചുവപ്പ് നിറമാണെങ്കിലും ഈ മണ്ഡലത്തില്‍ നിന്നും ഇതുവരെ മൂന്ന് തവണ മാത്രമേ ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ച് ഡല്‍ഹിയിലേക്ക് വണ്ടികയറിയിട്ടുള്ളു. ഇമ്പിച്ചി ബാവ ഒരു തവണയും രണ്ട് തവണ വീരേന്ദ്രകുമാറുമായിരുന്നു കോഴിക്കോടിന്‍റെ ഇടത് പ്രതിനിധികളായി പര്‍ലമെന്‍റിലെത്തിയത്.

ബാലുശേരി, എലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവയില്‍ 6 മണ്ഡലത്തിലും എല്‍.ഡി.എഫ് അംഗങ്ങളാണ് വിജയിച്ചത്. യു.ഡി.എഫിന്‍റെ അംഗം വിജയിച്ചത് കോഴിക്കോട് സൗത്തില്‍ മാത്രം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയും എലത്തൂരും കോഴിക്കോട് നോര്‍ത്തും ബേപ്പൂരും കുന്ദമംഗലവും അടക്കം അഞ്ച് മണ്ഡലങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. അന്ന് കൊടുവള്ളിയും കോഴിക്കോട് സൗത്തും യു.ഡി.എഫിന് ഒപ്പവും.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ 8882, എലത്തൂരില്‍ 14654, കോഴിക്കോട് നോര്‍ത്തില്‍ ‍8998, ബേപ്പൂരില്‍ 5316, കുന്ദമംഗലത്ത് 3269 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും എല്‍.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം. കോഴിക്കോട് സൌത്തില്‍ 1376, കൊടുവള്ളിയില്‍ 16552 വോട്ടുമായിരുന്നു യു.ഡി.എഫിന്‍റെ ഭൂരിപക്ഷം. അന്ന് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 23,191 വോട്ടിന്‍റെ ഭൂരിപക്ഷം എല്‍.ഡി.എഫിനുണ്ടായിരുന്നപ്പോഴാണ് 2014ലെ തെരഞ്ഞെടുപ്പില്‍ 16883 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എം.കെ രാഘവന്‍ വിജയിച്ച് കയറിയത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ 15464, എലത്തൂരില്‍ 29057, കോഴിക്കോട് നോര്‍ത്തില്‍ 27873, ബേപ്പൂരില്‍ 14363, കുന്ദമംഗലത്ത് 11205, കൊടുവള്ളിയില്‍ 573 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും എല്‍.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം. കോഴിക്കോട് സൌത്തില്‍ യു.ഡി.എഫിന് ലഭിച്ചത് 6327 വോട്ടിന്‍റെ ഭൂരിപക്ഷം. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ നിലവില്‍ മണ്ഡലത്തില്‍ 92,208 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് എല്‍.ഡി.എഫിന്. ഇതിന് സമാനമാണ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും അവസ്ഥ. ‌തെരഞ്ഞെടുപ്പില്‍‌ കോഴിക്കോട് സൌത്ത് ഒഴികെ മറ്റിടങ്ങളിലൊക്കെ എല്‍.ഡി.എഫ് ചെങ്കൊടി ഉയര്‍ത്തി.

ഇത്തവണ ഈ കണക്കുകളില്‍ മാറ്റമുണ്ടാവുമോ എന്നാണ് മുന്നണികള്‍ സൂക്ഷമായി നിരീക്ഷിക്കുന്നത്. ജനകീയനായ എം.എല്‍.എ എ പ്രദീപ് കുമാറിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ശനിദശ മാറ്റാനാവുമെന്ന് ഇടതുമുന്നണിയുടെ സ്വപ്നം‍, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന വോട്ടര്‍മാര്‍ ഇത്തവണയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ദേശീയ രാഷ്രീയം ചര്‍ച്ചചെയ്യുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്‍റെ ഭരണത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കുന്ന ദേശീയ പാര്‍ട്ടിക്കൊപ്പം നില്‍ക്കുക എന്ന നയമാണ് മണ്ഡലം സ്വീകരിക്കുന്നതെന്നാണ് നിരീക്ഷണം. സംഘ്പരിവാര്‍ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇത്തവണ ബി.ജെ.പിയെ പ്രതിരോധിക്കാനാവുന്നത് തങ്ങള്‍ക്കാണെന്ന അവകാശ വാദമാണ് ഇരു മുന്നണികളും മണ്ഡലത്തില്‍ ഉയര്‍ത്തുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കണോ, അതല്ല ലോക്സഭയില്‍ ഇടതുപക്ഷത്തിന്‍റെ ശബ്ദംകൂടി ഉയരണോ എന്ന് ഇത്തവണ മണ്ഡലം തീരുമാനിക്കും. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഏറ്റവും മികച്ച സര്‍ക്കാര്‍ ഒന്നാം യു.പി.എ സര്‍ക്കാരാണെന്നും അന്ന് ഇടതുപക്ഷത്തിന്‍റെ പിന്തുണയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിനെ മികച്ചതാക്കിയതെന്നുമാണ് ഇടതു പക്ഷത്തിന്‍റെ അവകാശവാദം. ബി.ജെ.പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവണമെന്നും അതിന് ഓരോ മണ്ഡലവും പ്രധാനപ്പെട്ടതാണെന്നുമാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണം.

ആരുടെ പ്രചാരണമാണ് ജനങ്ങള്‍ സ്വീകരിക്കുകയെന്ന് ഇത്തവണ പ്രവചിക്കാനാവില്ല. അത് അറിയാന്‍ ഏപ്രില്‍ 23 വരെ കാത്തിരിക്കുക തന്നെ വേണം. അത്രയേറെ വാശിയേറിയതാണ് കോഴിക്കോട് മണ്ഡലത്തിലെ ജനകീയ എം.പിയുടെയും ജനകീയ എം.എല്‍.എയുടെയും മത്സരം. ബി.ജെ.പിക്ക് 2004ല്‍ 12.53 ശതമാനം, 2009ല്‍ 11.25 ശതമാനം, 2014ല്‍ 12.28 ശതമാനം വോട്ടുകളാണ് മണ്ഡ‍ലത്തില്‍ ലഭിച്ചത്. ഇത്തവണ ദുര്‍ബല സ്ഥാനാര്‍‌ഥിയെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നതെന്ന ആരോപണം ഇടതുപക്ഷം ഉയര്‍ത്തുന്നുണ്ട്. ഇത് മറികടക്കാന്‍ ബി.ജെ.പിക്ക് ആവുമോ എന്നതും ശ്രദ്ധേയമാണ്. മണ്ഡലത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്വാധീനമുണ്ട്.

കോഴിക്കോട‌് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 12,64,844 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,51,560 പേര്‍ സ്ത്രീകളും 6,13,276 പേര്‍ പുരുഷന്‍മാരുമാണ്. മണ്ഡലത്തില്‍ എട്ട‌് ട്രാൻസ‌് ജെൻഡറും ഉൾപ്പെടുന്നു. ഇവര്‍ തീരുമാനിക്കും കോഴിക്കോടിന്‍റെ എം.പി ആരാണെന്നത്.