സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞത് റയിൽ ഗതാഗതത്തെ ബാധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്.
സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവായിരുന്നു. കൊല്ലത്ത് വഞ്ചിനാട് എക്സ്പ്രസ് തടഞ്ഞു. കെ.എസ്.ആർ.ടി.സി പമ്പ സർവീസ് മാത്രമാണ് നടത്തുന്നത്. ആലപ്പുഴയിൽ ബോട്ട് സർവീസുകളുമില്ല. കോട്ടയത്തും ട്രെയിൻ തടഞ്ഞു. മൂന്നാർ – തേക്കടി ടൂറിസ്റ്റ് മേഖലകളെ പണിമുടക്ക് ബാധിച്ചില്ല.
വ്യാവസായിക നഗരമായ കൊച്ചിയിൽ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. വൻകിട വ്യാപാര കേന്ദ്രങ്ങൾ ഭാഗികമായി പ്രവർത്തിച്ചെങ്കിലും മറ്റിടങ്ങളിൽ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. എയർപോർട്, റെയിൽവേ, തുറമുഖം, കൊച്ചി മെട്രോ തുടങ്ങിയ വിവിധയിടങ്ങളിലായി തൊഴിലാളികൾ പങ്കാളികളായി. തൃപ്പൂണിത്തുറയിൽ രാവിലെ ട്രെയിൻ തടഞ്ഞു. പമ്പ – ശബരിമല സർവീസുകൾ മുടക്കമില്ലാതെ നടന്നെങ്കിലും കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുഗതാഗതം ഏതാണ് പൂർണമായും സ്തംഭനാവസ്ഥയിലായി.
കോഴിക്കോട് രാവിലെ എട്ട് മണിയോടെ ചെന്നൈ മെയില്‍ തടഞ്ഞു. പൊലീസെത്തി സമരാനുകൂലികളെ അറസ്റ്റ് ചെയ്തു നീക്കി. നഗരത്തില്‍ മിഠായിതെരുവില്‍ ചില കടകള്‍ തുറന്നു. സ്വകാര്യ വാഹനങ്ങളൊഴികെ മറ്റൊന്നും ഓടിയിട്ടില്ല. കണ്ണൂരില്‍ നാലിടത്ത് ട്രെയിനുകള്‍ തടഞ്ഞു. കടകള്‍ തുറന്നിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തില്‍. കാസര്‍കോട് ചെറുവത്തൂരിലും കാഞ്ഞങ്ങാടും ട്രെയിന്‍ തടഞ്ഞു. മലപ്പുറത്ത് മഞ്ചേരിയില്‍ വ്യാപാരികളും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കടകള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു.