Entertainment Kerala

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക്; മോഷണമെന്ന് ആരോപണം

സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെയുള്ള പ്രചരണം എന്നിവ തടഞ്ഞാണ് കോടതി നടപടി.

സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന് കോടതിയുടെ വിലക്ക്. എറണാകുളം ജില്ലാ കോടതിയാണ് സിനിമ സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും പകര്‍പ്പാവകാശം ലംഘിച്ചു എന്നാരോപിച്ച് സംവിധായകന്‍ ജിനു എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് വിധി. 2019 ഒക്ടോബര്‍ 16ന് പൃഥിരാജിന്‍റെ ജന്മദിനത്തിലാണ് ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം പ്രഖ്യാപിച്ചത്. ആ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര് ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നത് തന്നെയാണ് സുരേഷ് ഗോപിയുടെ ചിത്രത്തിലേതും എന്നതാണ് മോഷണമാരോപണത്തിനുള്ള പ്രധാന കാരണം. തങ്ങളുടെ സിനിമയുടെ പേര്, കഥാപാത്രങ്ങള്‍, തിരക്കഥ എന്നിവ പ്രത്യേകം തന്നെ രജിസ്റ്റര്‍ ചെയ്തതായി ‘കടുവ’ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി നടപടി. സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെയുള്ള പ്രചരണം എന്നിവ തടഞ്ഞാണ് കോടതി നടപടി.

മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് കടുവ നിർമ്മിക്കുന്നത്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ച ചിത്രം കൂടിയാണ് കടുവ. ടോമിച്ചന്‍ മുളകുപാടമാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ നിര്‍മാണം. 2012 മുതല്‍ ജിനു എബ്രഹാമിന്‍റെ സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന മാത്യൂസ് തോമസാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. തന്‍റെ തിരക്കഥയും സുരേഷ് ഗോപി ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററിലെ രംഗങ്ങളും സാമ്യം തോന്നിയത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തില്‍ പകര്‍പ്പാവകാശ ലംഘനമില്ലെങ്കില്‍ യാതൊരു പ്രശ്നവുമില്ലെന്നും ജിനു എബ്രഹാം പറഞ്ഞു. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം.