Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത് 24 കോടിക്ക് മുകളില്‍

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വിവിധ കേസുകളുടെ നടത്തിപ്പിനായി കോടികള്‍ ചെലവഴിച്ചതായി വിവരാവകാശ രേഖ. സുപ്രീം കോടതിയില്‍ 24ഓളം കേസുകള്‍ വാദിക്കുന്നതിന് വേണ്ടി 14 കോടിക്ക് മുകളില്‍ പണം ചെലവഴിച്ചതായും ഹൈക്കോടതിയില്‍ 21ന് മുകളില്‍ കേസുകള്‍ക്കായി 10 കോടിക്ക് മുകളില്‍ ചെലവഴിച്ചെന്നുമാണ് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ ധനരാജ് എസ് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ കേസുകള്‍ക്ക് വേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. 14,19,24,110 രൂപയാണ് സുപ്രീം കോടതിയില്‍ കേസ് വാദിക്കാനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഹൈക്കോടതിയില്‍ 10,72,47,500 രൂപയോളവും കേസുകള്‍ക്കായി ചെലവഴിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത് 24 കോടിക്ക് മുകളില്‍; 2020ല്‍ ഹൈക്കോടതിയില്‍ മാത്രം 72 ലക്ഷം!

കഴിഞ്ഞ ഒരൊറ്റ വര്‍ഷം മാത്രം 72 ലക്ഷത്തിന്(72,50,000) മുകളിലാണ് കേസുകള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ വാദിക്കുന്നതിന് വേണ്ടി മാത്രം മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന് 27 ലക്ഷത്തിന്(2750000) മുകളില്‍ രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.

ലോട്ടറി കേസുകളില്‍ ഹാജരായ പല്ലവ് ഷിസോദിയക്ക് 75 ലക്ഷം രൂപ നല്‍കിയ സര്‍ക്കാര്‍, നികുതി കേസുകളില്‍ എന്‍ വെങ്കിട്ട രമണന് പത്തൊമ്പൊതര ലക്ഷം രൂപ അനുവദിച്ചു. ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപത്ക്ക് 45 ലക്ഷവും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി എതിര്‍ക്കാന്‍ രഞ്ജിത് കുമാറിനെ ദില്ലിയില്‍ നിന്ന് വരുത്തിയതിന് ഒരു കോടി 20 ലക്ഷം രൂപയും നല്‍കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ വിജയ് ഹന്‍സാരിയക്ക് 64 ലക്ഷത്തി നാല്‍പ്പതിനായിരം രൂപ നല്‍കി. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരെ വാദിക്കാനായി വിളിച്ചതിന് 88 ലക്ഷം രൂപയാണ് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്.

അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മറ്റ് സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവരടങ്ങുന്ന വലിയ അഭിഭാഷക നിരയെ മറികടന്നാണ് കോടികള്‍ മുടക്കി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ധൂര്‍ത്ത്. അഡ്വക്കേറ്റ് ജനറലിന്‍റെ റീട്ടെയ്‌നര്‍ ഫീ നിലവില്‍ പ്രതിമാസം രണ്ട് ലക്ഷം രൂപയാണ്. അതിന് പുറമേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് ഓരോ തവണയും 3500 രൂപയും ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഒരു തവണ ഹാജരാകുന്നതിന് 7000 രൂപയുമാണ്.