Kerala

സ്വർണക്കടത്തിൽ വൻ വർധന; കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 17.5 കിലോഗ്രാം സ്വർണം

സംസ്ഥാനത്തേക്കുള്ള സ്വർണക്കടത്തിൽ വൻ വർധന. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയാണ് ലോക്ഡൗൺ കാലത്തും സ്വർണമൊഴുകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് വിമാനത്താവളങ്ങളിലുമായി പിടിച്ചത് 17.5 കിലോ സ്വർണ്ണമാണ്.

ലോക്ഡൗൺ ഇളവുകളെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണതോതിൽ ആരംഭിച്ചതാണ് സ്വർണക്കടത്ത് വർധിക്കാൻ കാരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടിച്ചത് 10 കിലോയിലധികം സ്വർണമാണ്. വിവിധ സംഭവങ്ങളിൽ 9 പേരെ ഡിആർഐയും കസ്റ്റംസും പിടികൂടി. നിലവിൽ ദിവസേന രണ്ടും മൂന്നും കേസുകൾ കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കോഴിക്കോട് വിമാനത്താവളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കരിപ്പൂരിൽ ഒരു വിമാനത്തിൽ മാത്രം അഞ്ച് സ്വർണക്കടത്ത് ശ്രമങ്ങൾ ഉണ്ടായി. ജൂൺ 22ലെ എയർ ഇന്ത്യ എക്‌സ്പ്രസിൽ ഏഴര കിലോ സ്വർണമാണ് ഒറ്റത്തവണ പിടികൂടിയത്. അതേസമയം കൊച്ചിയിലും കരിപ്പൂരിലും പരിശോധന ശക്തമാക്കിയതോടെ കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സ്വർണ്ണക്കടത്ത് സംഘം കളം മാറ്റുന്നുണ്ട്.