India Kerala

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു; അടിയന്തര നടപടികളുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് അടിയന്തര നടപടികളുമായി ദുരന്ത നിവാരണ അതോറിറ്റി. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ആശുപത്രികളിലെ സൌകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനൊപ്പം സ്വകാര്യ ആശുപത്രികളെയും സഹകരിപ്പിക്കും.

ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. ഇത് കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍. നിലവില്‍ 29 കൊവിഡ് ആശുപത്രികളാണ് ഉള്ളത്. സ്ഥിതി ഗുരുതരമാകുന്നത് കണക്കിലെടുത്ത് കൂടുതല്‍ ആശുപത്രികളില്‍ കിടക്കകളും വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങളും വിപുലപ്പെടുത്തുന്നുണ്ട്. പത്ത് പേരെയെങ്കിലും കിടത്താവുന്ന പരമാവധി കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്. സ്കൂളുകളും കെട്ടിടങ്ങളും ഒഴിവാക്കിയാവും ഈ ക്രമീകരണം.

ആശുപത്രികളും അനുബന്ധ സൌകര്യങ്ങളും കുറവുള്ള ജില്ലകളില്‍ രോഗികള്‍ കൂടിയാല്‍ മറ്റ് ജില്ലകളിലേക്ക് മാറ്റും. രോഗികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി രോഗമുക്തരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ നിഗമനം.