India Kerala

നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡെന്ന് സെന്‍കുമാര്‍

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡ് ആണെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍. സര്‍വീസ് സ്റ്റോറി ആയ എന്‍റെ പൊലീസ് ജീവിതമെന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്‍റെ ആരോപണങ്ങള്‍. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ല. ലോക്നാഥ് ബെഹ്റ അടക്കം ഡി.ജി.പിമാര്‍ക്കെതിരെയും ഗുരുതര ആക്ഷേപമാണ് സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയില്‍ ഉന്നയിക്കുന്നത്.

ടി.പി സെന്‍കുമാറിന്‍റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഗുരുതര സ്വഭാവമുള്ള വെളിപ്പെടുത്തലുകളുള്ളത്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് പിന്നില്‍ സി.പി.എം ആകാമെന്നും ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തുന്നു. ഡി.ജി.പി ജേക്കബ് തോമസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. തന്നെ പല കേസുകളിലും കുടുക്കിയത് ജേക്കബ് തോമസിന്‍റെ ഇടപെടലുകളെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ഡി.ജി.പി ലോക് നാഥ് ബെഹറ താന്‍ വീണ്ടും ഡി.ജി.പി ആകാതിരിക്കാന്‍ ഡല്‍ഹി സ്വാധീനം ഉപയോഗിച്ചു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സി.പി.എം കണ്ണൂര്‍ ലോബിയുടെ ഭാഗമായാണ് പ്രവര്‍ത്തിച്ചത്. വിതുര പീഡന കേസില്‍ പ്രധാന പ്രതിയെ ഒഴിവാക്കാന്‍ അന്നത്തെ എ.ജി എം.കെ ദാമോദരന്‍ തന്നോട് ആവശ്യപ്പെട്ടെന്നും പുസ്തകത്തില്‍ പറയുന്നു.

നമ്പി നാരായണനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ സര്‍വീസ് സ്റ്റോറിയിലുണ്ട്. മറിയം റഷീദയുമായി എന്താണ് ബന്ധമെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കണം. പീഡിപ്പിക്കപ്പെട്ടവന്‍ എന്ന പരിവേഷം നമ്പി നാരായണന് എല്ലാ കാലത്തും ഉണ്ടാകില്ലെന്നും പുസ്തകത്തില്‍ ടി.പി സെന്‍കുമാര്‍ പറയുന്നു.