India National

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ ? ഡിഎംകെയുമായി കൈകോർക്കുമെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിഎംകെ സഖ്യത്തിലാകും കമൽ ഹാസൻ മത്സരിക്കുക.

അമേരിക്കയിൽ നിന്ന് കമൽ ഹാസൻ ഇന്ന് തിരിച്ചെത്തും. ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കമൽ ഹാസനും ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. മക്കൽ നീതി മയ്യത്തിന് ഡിഎംകെ ഒരു സീറ്റ് നൽകുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ MNM ന്റെ ടോർച്ച്‌ലൈറ്റ് ചിഹ്നത്തിൽ തന്നെ കമൽ ഹാസൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും.

തമിഴ്‌നാട്ടിലെ പ്രധാന ചെറുകക്ഷികളുമായി ഇതിനോടകം തന്നെ ഡിഎംകെ ചർച്ചകൾ നടത്തി കഴിഞ്ഞുവെന്നാണ് ഡിഎംകെയുടെ അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഡിഎംകെയുമായി ചർച്ച ചെയ്യുമെന്ന് മക്കൽ നീതി മയ്യം പ്രതിനിധികളും അറിയിച്ചിട്ടുണ്ട്.

2022 ഡിസംബറിൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ കമൽ ഹാസൻ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. മക്കൾ നീതി മയ്യത്തിന് തമിഴ്‌നാട്ടിൽ സീറ്റ് നൽകുമോയെന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് തമിഴ്‌നാട് പിസിസി അധ്യക്ഷൻ കെ.സെൽവപെരുന്തഗൈ അറിയിച്ചു. അത്തരം ചർച്ചകളെല്ലാം കമൽ ഹാസൻ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമാകും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.