India National

ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരും; സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്

മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസും ബിജെപിയും

മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 19 എംഎൽഎമാർ രാജി വെച്ചതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കും. സിന്ധ്യ ഇന്ന് ബിജെപിയിൽ ചേരും.

കമൽനാഥ് സർക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിർന്ന നേതാവും രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത്. രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നല്‍കുമെന്ന ബിജെപിയുടെ ഉറപ്പിൻമേലാണ് രാജി എന്നാണ് സൂചന. സിന്ധ്യക്കൊപ്പം നിൽക്കുന്ന 19 എംഎൽഎമാർ രാജി വെച്ചു. ഇനിയും രാജികൾ ഉണ്ടാകുമെന്നാണ് സൂചന.

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു സർക്കാർ ഉണ്ടാക്കാൻ ഉള്ള നീക്കത്തിലാണ് ബിജെപി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി സിന്ധ്യക്ക് ടിക്കറ്റ് നൽകാൻ തീരുമാനിച്ചു എന്നാണ് വിവരം. നാളെ ഭോപ്പാലിൽ വെച്ച് ബിജെപി അംഗത്വം എടുക്കുന്ന സിന്ധ്യ 13ന് രാജ്യസഭാസീറ്റിലേക്ക് നാമനിർദേശ പത്രിക സമര്‍പ്പിച്ചക്കും.

അതേസമയം പ്രതിസന്ധി മാറിക്കടക്കുമെന്ന ആത്മവിശ്വസം എംഎൽഎമാരുടെ യോഗത്തിൽ കമൽനാഥ് പ്രകടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി.