India National

ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുംവരെ സമരമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍

ജെ.എൻ.യുവിലെ വിദ്യാർഥികളുടെ സമരം ഇന്നും തുടരും. ഫീസ് ഭാഗികമായി കുറയ്ക്കാനുള്ള തീരുമാനം സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് വിദ്യാർഥികളുടെ നിലപാട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള ഇളവുകളും ഫലപ്രദമല്ലെന്ന് അധ്യാപകരുടെ സംഘടനയും കുറ്റപ്പെടുത്തി. ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും വൈസ് ചാൻസലർ രാജിവെക്കണമെന്നും വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു.

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെയാണ് വര്‍ധിപ്പിച്ച ഫീസില്‍ ഇളവ് വരുത്താന്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. എങ്കിലും വര്‍ധിപ്പിച്ച ഫീസില്‍ ഭാഗികമായ ഇളവ് വരുത്താന്‍ മാത്രമേ കൌണ്‍സില്‍ തയ്യാറായിട്ടുള്ളു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബി.പി.എല്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ധിപ്പിച്ച നിരക്കിന്‍റെ 50 ശതമാനം മാത്രമേ അടക്കേണ്ടതുള്ളുവെന്നും കൌണ്‍സില്‍ അറിയിച്ചു. രാത്രിയില്‍ ക്യാമ്പസിനകത്ത് ഏര്‍പ്പെടുത്തിയ സഞ്ചാര നിയന്ത്രണവും വസ്ത്രധാരണത്തിലെ നിയന്ത്രണവും പിന്‍വലിക്കാനും യോഗം തീരുമാനിച്ചു.

എന്നാല്‍ ഫീസ് വര്‍ധനയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവില്‍ വിദ്യാര്‍ഥികള്‍ തൃപ്തരല്ല. എങ്ങനെയെങ്കിലും സമരം തീര്‍ക്കാന്‍ വേണ്ടിയുള്ള കണ്ണില്‍ പൊടിയിടലാണ് നീക്കമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതിനാല്‍ സമരം തുടരാനാണ് തീരുമാനം.