India National

പരീക്ഷ എഴുതാന്‍ തടസമില്ലാത്ത ഇന്‍റര്‍നെറ്റ്, ലാപ്ടോപ് നിര്‍ബന്ധം: പ്രതിഷേധവുമായി ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍

സെമസ്റ്റര്‍ പരീക്ഷയുടെ പേരില്‍ ജാമിഅ മില്ലിയ സര്‍വകലാശാല ‘ഡിജിറ്റൽ വിഭജനം’ നടത്തുന്നുവെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍. ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തുന്നതിന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിനെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. 2020 ഡിസംബർ 21 മുതൽ ഓൺലൈന്‍ വഴി വിചിത്രമായ രീതിയില്‍ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാൻ ജാമിഅ മില്ലിയ ഒരുങ്ങുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

സര്‍വകലാശാല ഇറക്കിയ പരീക്ഷാ മാര്‍ഗനിര്‍ദേശത്തില്‍ ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ, വെബ്‌ക്യാം എന്നിവ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

തടസ്സമില്ലാത്ത ഇന്റർനെറ്റ് ലഭിക്കുന്ന സ്മാർട്ട്‌ഫോൺ പോലും സമൂഹത്തിലെ ഉന്നതരായവര്‍ക്ക് മാത്രം ലഭ്യമായ കാലത്ത് പരീക്ഷകൾ ലാപ്‌ടോപ്പിൽ മാത്രമേ എഴുതാൻ കഴിയൂ എന്നാണ് സര്‍വകലാശാല വ്യവസ്ഥ ചെയ്യുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

പരീക്ഷ എഴുതാന്‍ തടസമില്ലാത്ത ഇന്‍റര്‍നെറ്റ്, ലാപ്ടോപ് നിര്‍ബന്ധം: പ്രതിഷേധവുമായി ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍
പരീക്ഷയിലുടനീളം വെബ്‌ക്യാം ഓണാക്കണമെന്നും ഏതെങ്കിലും കാരണത്താൽ അതിന്‍റെ പ്രവര്‍ത്തനം നിലച്ചാല്‍ പരീക്ഷ അസാധുവാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഡിജിറ്റൽ വിഭജനം വിദ്യാർത്ഥികളുടെ ജീവൻ അപഹരിച്ച രാജ്യത്താണ് സർവകലാശാലകൾ ഇത്തരം നിരാശാജനകമായ നിർദേശങ്ങളുമായി വരുന്നതെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ജാമിഅ മില്ലിയക്ക് പുറമെ, കോവിഡ് ലോക്ക്ഡൌണ്‍ പശ്ചാതലത്തില്‍ വിവിധ കേന്ദ്ര സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലെെനായി നടത്താന്‍ തീരുമാനിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.