ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള ഏറ്റവും വലിയ വന്യജീവി സർവേ എന്ന ബഹുമതിയാണ് ലഭിച്ചത്
ദേശീയ കടുവ കണക്കെടുപ്പ് 2018ന് ഗിന്നസ് വേൾഡ് റെക്കോഡ്.ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള ഏറ്റവും വലിയ വന്യജീവി സർവേ എന്ന ബഹുമതിയാണ് ലഭിച്ചത്. 3 കോടി 48 ലക്ഷത്തി 58 ആയിരത്തി അറന്നൂറ്റി ഇരുപത്തി മൂന്ന് ചിത്രമാണ് സർവെയുടെ ഭാഗമായി എടുത്തത്. പുതിയ കണക്ക് പ്രകാരം രാജ്യത്ത് 2967 കടുവകൾ ഉണ്ടെന്നാണ് കണ്ടെത്തൽ .
ഏറ്റവും സമഗ്രമായ വിവര ശേഖരണമാണ് ദേശീയ കടുവ കണക്കെടുപ്പ് 2018നായി നടന്നത്. ചലനത്തോടു പ്രതികരിക്കുന്ന സെന്‍സറുകള്‍ ഉളള ക്യാമറകള്‍ ആയിരുന്നു ഉപയോഗിച്ചത്. രാജ്യത്തെ 141 മേഖലകളിലെ 1,21, 337 ചതുരശ്ര കിലോമീറ്ററില്‍ 26,838 ഇടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.
ക്യാമറ പരിധിയില്‍ മൃഗങ്ങള്‍ എത്തിയാല്‍ റെക്കോർഡിങ് ആരംഭിക്കും. സർവെ കാലാവധി പൂർത്തിയായപ്പോള് 3 കോടി 48 ലകഷത്തി 58 ആയിരത്തി അറന്നൂറ്റി ഇരുപത്തി മൂന്ന് ചിത്രം പതിഞ്ഞിരുന്നു. ഇതില്‍ 76,651 എണ്ണം കടുവകളുടെയും 51777എണ്ണം പുള്ളിപ്പുലികളുടെയും ആയിരുന്നു. ശേഷിക്കുന്നത് അതത് മേഖലയില്‍ കാണപ്പെടുന്ന മൃഗങ്ങളുടെയും. ശരീരത്തിലെ രേഖ വിന്യാസം അടിസ്ഥാനമാക്കി പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ചിത്രങ്ങളില്‍ നിന്ന് 2461 കടുവകളെ തിരിച്ചറിഞ്ഞത്. ഇതിന് പുറമെ സർവെ സംഘം കടുവ പാതകളിലൂടെ കാല്‍നടയായി സഞ്ചരിച്ച് 3,17, 958 ആവാസ സ്ഥലങ്ങളില്‍ എത്തിയും വിവരങ്ങള് ശേഖരിച്ചിരുന്നു.
കണ്ടെത്തല്‍ പ്രകാരം രാജ്യത്ത് നിലവില്‍ 2967 കടുവകൾ ആണ് ഉള്ളത്. ആഗോള തലത്തിലെ 75 ശതമാനത്തോളം വരും. ദേശീയ കടുവ സംരക്ഷണ അതോറിട്ടി നാല് വർഷത്തിലൊരിക്കലാണ് കണക്കെടുപ്പ് നടതുന്നത്. ജൈവ വൈവധ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കണക്കെടുപ്പ് സംസ്ഥാന വനം വകുപ്പുകളുടെയും മറ്റ് വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് പൂർത്തിയാക്കുന്നത്. കഴിഞ്ഞ വർഷം കടുവ ദിനത്തിലാണ് പ്രധാനമന്ത്രി ദേശീയ കടുവ കണക്കെടുപ്പ് 2018ന്‍റെ പ്രഖ്യാപനം നടത്തിയത്.