India National

പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

രജൗരിയിൽ ഇന്ത്യന്‍ സൈനികന് വീരമൃത്യു.

ജമ്മു കശ്മീരിലെ രജൗരിയിൽ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്.

അതിര്‍ത്തിയില്‍ പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലും രജൌറിരിയിലെ നൌഷാര സെക്ടറിലുമാണ് പാക് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 3.30ഓടെയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടങ്ങിയതെന്ന് സൈനിക വക്താവ് പറഞ്ഞു.

ഈ മാസം ഈ പ്രദേശത്ത് നാല് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

അതിനിടെ ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത. ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഡൽഹി അതിർത്തികളിൽ ജാഗ്രത ശക്തമാക്കി.

ബസുകള്‍, കാറുകള്‍, ടാക്സികള്‍ അടക്കമുള്ളവയില്‍ ഡല്‍ഹിയില്‍ ഭീകരര്‍ എത്തിയേക്കാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കി. ആശുപത്രികളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ എല്ലാം നിരീക്ഷണം കര്‍ശനമാക്കി.

ജമ്മു കശ്മീരിന്‍റെ അതിര്‍ത്തി മേഖലകളില്‍ ഇതിനകം ഭീകരരുമായി ഏറ്റുമുട്ടുലുണ്ടാകുന്നുണ്ട്. ഷോപ്പിയാനില്‍ 20ല്‍ അധികം ഭീകരരെ വധിച്ചു. ഇതിനിടെയാണ് ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജന്‍സ് വിവരം.