India National

ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കുന്നില്ല

ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നില നില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കുന്നില്ല. ഒരു വര്‍ഷം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലൂടെ ചന്ദ്രനെ കുറിച്ചുള്ള പുതിയ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

വിക്രം ലാന്‍ഡറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറക്കാനുള്ള സോഫ്റ്റ് ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നില്‍ക്കുകയാണ് ഇപ്പോഴും. ഈ അനിശ്ചിതത്വം നിരാശ പകരുന്നുണ്ടെങ്കിലും ഇനി അഥവാ സോഫ്റ്റ് ലാന്‍ഡിങ്ങിലൂടെ വിക്രം ലാന്‍ഡറിനെ ഇറക്കാന്‍ സാധിച്ചില്ലെങ്കിലും ചാന്ദ്രയാന്‍ രണ്ട് ദൌത്യം പരാജയമാണെന്ന് പറയാനാകില്ല. ദൌത്യത്തിലെ 5 ശതമാനം മാത്രമേ ഫലമില്ലാതാകുന്നുള്ളൂ. ഒരു വര്‍ഷം ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ഓര്‍ബിറ്ററില്‍ നിന്ന് ചന്ദ്രനെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പ്രതീക്ഷിക്കാം.

ഓര്‍ബിറ്ററിന്റെ നിലവിലെ പ്രവര്‍ത്തനം തൃപ്തികരമാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കി.മീ മുകളിലുള്ള ഭ്രമണപഥത്തിലൂടെ ഓര്‍ബിറ്റര്‍ ചന്ദ്രനെ ചുറ്റി സഞ്ചരിക്കുകയാണ്. വിവിധ ലക്ഷ്യങ്ങളുള്ള എട്ട് പേ ലോഡുകള്‍ ഓര്‍ബിറ്ററിലുണ്ട്. ഇവയെല്ലാം ചന്ദ്രനെ കുറിച്ചുള്ള പുത്തന്‍ അറിവുകള്‍ ശാസ്ത്ര ലോകത്തിന് സമ്മാനിക്കും. ഓര്‍ബിറ്റര്‍ , വിക്രം ലാന്‍ഡര്‍ , പ്രഗ്യാന്‍ റോവര്‍ എന്നീ മൂന്ന് ഭാഗങ്ങളടങ്ങിയ ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ വിക്ഷേപം ജൂലൈ 22നായിരുന്നു.