Economy India

ലോക്ഡൗണ്‍ ദുരിതത്തിനിടെ നശിച്ചുപോയത് 65 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍ മെയ് മാസങ്ങളില്‍ പി.എം ഗരിബ് കല്യാണ്‍ അന്ന യോജന വഴി വിതരണം ചെയ്ത ധാന്യത്തേക്കാള്‍ കൂടുതലാണ് നശിച്ചുപോയത്…

അടുത്ത ഭക്ഷണം എപ്പോഴാണെന്ന് പോലുമറിയാതെ വലിയൊരു വിഭാഗം ജനങ്ങള്‍ ജീവിക്കുമ്പോള്‍ രാജ്യത്ത് സര്‍ക്കാര്‍ സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം 65 ലക്ഷം ഭക്ഷ്യധാന്യമാണ് അര്‍ഹതപ്പെട്ടവരിലെത്താതെ നശിച്ചുപോയതെന്ന് സ്‌ക്രോള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനുവരി ഒന്ന് മുതല്‍ മെയ് ഒന്ന് വരെയുള്ള കാലത്ത് പൂര്‍ണ്ണമായും നശിച്ചതും ഭാഗീകമായി നശിച്ചതുമായ ഭക്ഷ്യധാന്യം 7.2 ലക്ഷം ടണ്ണില്‍ നിന്നും 71.8 ലക്ഷം ടണ്ണിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍ മെയ് മാസങ്ങളില്‍ പി.എം ഗരിബ് കല്യാണ്‍ അന്ന യോജന വഴി വിതരണം ചെയ്ത ധാന്യത്തേക്കാള്‍ കൂടുതലാണിത്.

ജനുവരി ഒന്ന് മുതല്‍ മെയ് ഒന്ന് വരെയുള്ള കാലയളവില്‍ നശിച്ചുപോയത് 65 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി രാജ്യത്തെ എഫ്.സി.ഐ സംഭരണശാലകളില്‍ ആവശ്യത്തിലേറെ ഭക്ഷ്യധാന്യം ശേഖരിക്കുന്നുണ്ട്. നിലവില്‍ എഫ്.സി.ഐ സംഭരണശാലകളിലുള്ള 878 ലക്ഷം ടണ്‍ എന്നത് ആവശ്യമുള്ളതിനേക്കാള്‍ 668 ലക്ഷം ടണ്‍ കൂടുതലാണ്.

ഉയര്‍ന്ന അളവിനൊപ്പം സര്‍ക്കാര്‍ സംഭരണ ശാലകളിലെ ശുഷ്‌കമായ സൗകര്യങ്ങളും വേഗത്തില്‍ ധാന്യത്തെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു. അധികം വരുന്ന ഭക്ഷ്യധാന്യം പൊതു മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ 1990കളുടെ മധ്യകാലം മുതല്‍ക്ക് തന്നെ അനുമതിയുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് ഈ അനുമതിയെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, പിന്നീട് അധിക ഭക്ഷ്യധാന്യം വിറ്റഴിക്കുന്ന രീതിയിലേക്ക് 2000ത്തിന്റെ തുടക്കം മുതല്‍ മാറി. വലിയ തോതില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിറ്റഴിക്കുന്നത് വിപണിയില്‍ വിലയിടിവിന് കാരണമാകുമെന്ന പേരില്‍ ഇതിനും പരിധി നിശ്ചയിക്കപ്പെട്ടു. ഇക്കുറി റാബി വിളവെടുപ്പ് കാലമായതോടെ കുറഞ്ഞ വിലയില്‍ നഷ്ടം സഹിച്ച് ധാന്യങ്ങള്‍ വിറ്റഴിച്ച് റാബി ശേഖരിക്കാനാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫുഡ് കോര്‍പറേഷനുകളിലെ ഭക്ഷ്യ ധാന്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കുകയാണ് ഇതിനുള്ള പോംവഴിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി സമൂഹ അടുക്കളകള്‍ ആരംഭിക്കണമെന്നും അധിക ഭക്ഷ്യധാന്യം ഇത്തരം പദ്ധതികള്‍ക്ക് ഉപയോഗിക്കണമെന്നും നിര്‍ദേശങ്ങളുണ്ട്.