India National

ദേശീയ വിദ്യാഭ്യാസ കരട് നയം തിരുത്തി കേന്ദ്രം

ത്രിഭാഷ പഠനവുമായി ബന്ധപ്പെട്ട നിര്‍ദേശം വിവാദമായതോടെ കേന്ദ്രം ദേശീയ വിദ്യാഭ്യാസ കരട് നയം തിരുത്തി. ത്രിഭാഷ പഠനം നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കി പുതിയ നയ രേഖ മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റേതെങ്കിലും പ്രാദേശിക ഇന്ത്യന്‍ ഭാഷയും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും നിര്‍‍ബന്ധമാക്കണമെന്നതായിരുന്നു ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം. തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നത്. നിലവില്‍ മാതൃഭാഷയും ഇംഗ്ലീഷുമാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍‍ ഇതൊരു കരട് മാത്രമാണെന്ന വിശദീകരണവുമായി മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്കു നേരത്തെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പ്രതിഷേധം കടുത്തതോടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തന്നെ കേന്ദ്രം തിരുത്തി പ്രസിദ്ധീകരിച്ചത്. ഭാഷാ പഠനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന കരടിലെ നാലാം അധ്യായത്തിലെ ഭാഗമാണ് കേന്ദ്രം തിരുത്തിയത്. നിലവിലെ കരടനുസരിച്ച് ഏതെങ്കിലും മൂന്ന് ഭാഷ പഠിപ്പിക്കണമെന്നതാണ് വ്യവസ്ഥ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ഒമ്പതംഗ സമിതിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചത്.