India National

കൊളംബോ ഭീകരാക്രമണകേസ് അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എ ക്ക് അനുമതി

കൊളംബോ ഭീകരാക്രമണ കേസിലെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എ ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി . അന്വേഷണത്തിനായി എന്‍.ഐ.എ സംഘം കൊളംബോയിലേക്ക്പോകും. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ വൈ സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്റെ ഭാഗമാകുക.

കഴിഞ്ഞ മാസം 21 ന് 250 പേരുടെ ദാരുണ മരണത്തിനിടയാക്കിയ കൊളംബോയിലെ സ്ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. അന്വേഷണവുമായി സഹകരിക്കാന്‍ നേരത്തെ അനുമതി തേടുകയും കൊളംബോ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിനായുള്ള എന്‍.ഐ.എ സംഘത്തിന് കേന്ദ്രം യാത്രാനുമതി നല്‍കിയത്.

ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘം ഇന്നോ നാളെയോ ശ്രീലങ്കയിലേക്ക് തിരിക്കും. സ്ഫോടനം നടത്തിയവരിലൊരാളായ സഹ്റാന്‍ ഹാഷിമുമായി കേരളത്തില്‍ ഐ.എസ്. ബന്ധത്തെത്തുടര്‍ന്ന് പിടിയിലായ റിയാസ് അബൂബക്കര്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന് നേരത്തെ എന്‍.ഐ.എ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലുള്ള ഐ.എസ് പദ്ധതികള്‍, കൊളംബോ ഭീകരാക്രമണത്തില്‍ ഐ.എസ് ബന്ധമുള്ള ഇന്ത്യക്കാരുടെ പങ്ക് എന്നിവ സംഘം വിശദമായി പരിശോധിക്കും. ആക്രമണത്തിന് പിന്നിലെ മറ്റ് അന്താരാഷ്ട്ര ബന്ധം കണ്ടെത്താനുള്ള സഹായവും എന്‍.ഐ.എ നല്‍കും.