India National

തമിഴ് നടി ഗായത്രി രഘുറാം എഐഎഡിഎംകെയിൽ

തമിഴ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗായത്രി രഘുറാം എഐഎഡിഎംകെയിൽ. ചെന്നൈയിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ബൊക്കെ നൽകി സ്വീകരിച്ചു. മുൻ ബിജെപി നേതാവായിരുന്ന ഗായത്രി രഘുറാം ആറ് മാസം മുമ്പാണ് പാർട്ടി വിട്ടത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഗായത്രി പാർട്ടി വിടുന്നത്. തമിഴ്നാട് ബിജെപിയുടെ ഓവർസീസ് ആൻഡ് അദർ സ്റ്റേറ്റ്സ് തമിഴ് ഡവലപ്മന്റ് വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഗായത്രി. ബിജെപി നേതാവ് ട്രിച്ചി സൂര്യ ഉൾപ്പെട്ട ഫോൺ റെക്കോർഡിംഗ് വിവാദത്തിൽ ഗായത്രിയുടെ വിമർശനം അച്ചടക്ക നടപടിയിലേക്ക് നയിച്ചു.

ഇതിൻ്റെ ഭാഗമായി ഗായത്രിയെ പദവികളിൽ നിന്ന് പുറത്താക്കുകയും, 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ തമിഴ്നാട് ബിജെപി നേതൃത്വത്തെ വിമർശിച്ച് ഗായത്രി രഘുറാം രംഗത്തെത്തി. പാർട്ടിക്കുള്ളിൽ സ്ത്രീകളോടുള്ള ബഹുമാനക്കുറവ് ചൂണ്ടിക്കാട്ടിയ അവർ പിന്നീട് പാർട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.