India National

ആറാം വട്ട ചര്‍ച്ചയും പരാജയം, രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതായി കേന്ദ്രം

കർഷകസംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ആറാംവട്ട ചർച്ചയും പരാജയം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന്​ ഒരടി പിന്നോട്ടില്ലെന്ന്​ കർഷകരും അറിയിച്ചതോടെയാണ്​ ചർച്ച വഴിമുട്ടിയത്​. തിങ്കളാഴ്ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്​ സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചർച്ച നടക്കുക.

എന്നാല്‍, കർഷകർ ഉന്നയിച്ച​ നാല്​ കാര്യങ്ങളിൽ രണ്ടെണ്ണത്തിൽ തീരുമാനമായെന്ന്​ കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ അറിയിച്ചു. ഇന്നത്തെ ചര്‍ച്ചയില്‍ നാല് അജണ്ടകളാണ് കര്‍ഷകര്‍ മുന്നോട്ടുവെച്ചത്. ഇതില്‍ രണ്ട് നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കും, കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തണം എന്നീ നിര്‍ദേശങ്ങളാണ് കേന്ദ്രം സ്വീകരിച്ചത്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല, പകരം നിയമം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രം ആവര്‍ത്തിച്ചത്. നേരത്തേയും ഇതേ നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചിരുന്നത്.

കേന്ദ്രമ​ന്ത്രിമാരായ നരേന്ദ്ര സിങ്​ തോമർ, പിയൂഷ്​ ഗോയൽ എന്നിവരുമായാണ്​ കർഷകർ ചർച്ച നടത്തിയത്​.