India National

സമൂഹമാധ്യമങ്ങൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ

സാമൂഹ്യമാധ്യമങ്ങൾക്കായി കേന്ദ്ര ഐടി മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് ദിവസത്തിനകം മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സാമൂഹ്യമാധ്യമങ്ങളുടെ ഇടനിലക്കാരന്‍റെ പദവി നഷ്ടപ്പെടും. ഉപയോക്താക്കളുടെ മുഴുവൻ പോസ്റ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്. ആശങ്കജനകമായ നിരവധി കാര്യങ്ങളടങ്ങിയ മാര്‍ഗനിര്‍ദേശം ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനെതിരെ ഫെയ്‍സ്‍ബുക്ക് അടക്കമുള്ള കമ്പനികൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ച ആവശ്യമാണെന്നാണ് മീഡിയവണിനോട് ഫെയ്സ് ബുക്ക് പ്രതികരിച്ചത്.

കോടതി ഉത്തരവ് മുഖേനയോ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യമനുസരിച്ചോ ട്വീറ്റുകളുടെയും പോസ്റ്റുകളുടെയും ഉറവിടം വെളിപ്പെടുത്താൻ സാമൂഹ്യ മാധ്യമങ്ങളെ നിയമപരമായി ബാധ്യതപ്പെടുത്തുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ. ഇക്കാര്യങ്ങളടക്കം പരിശോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന സമിതിയുടെ മേൽനോട്ടത്തിൽ ത്രിതല പ്രശ്ന പരിഹാര സമിതി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് കൂടുതൽ ദുരുപയോഗ സാധ്യതയുണ്ടാക്കുന്നതാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശം. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും ബലികഴിച്ച് മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനാവില്ലെന്നും ഫെയ്‍സ് ബുക്ക് പ്രതികരിച്ചിരുന്നു.

അതേസമയം നിയമം ഇന്നത്തോടെ പ്രാബല്യത്തിലായി. രണ്ട് ദിവസത്തിനകം മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഇടനിലക്കാരന്‍റെ പദവി കൂടി സാമൂഹ്യമാധ്യമങ്ങൾക്ക് നഷ്ടമാകുമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അങ്ങനെ വന്നാൽ ഉപയോക്താക്കളുടെ മുഴുവൻ പോസ്റ്റുകളുടെയും ഉത്തരവാദിത്വവും ബന്ധപ്പെട്ട കമ്പനികളുടേതാകും. പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ക്രിമിനൽ നടപടിയടക്കം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനുള്ള അവസാന സമയം ഇന്നലെയാണ് അവസാനിച്ചത്. 2018 ഡിസംബറിൽ കരട് വിജ്ഞാപനവും ഈ വര്‍ഷം ഫെബ്രുവരി 25ന് അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്നത്തോടെ പ്രാബല്യത്തിലാകുന്നത്.