India National

വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം; ഖത്തറിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം


വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് ഖത്തറിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് ഔ​ദ്യോ​ഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായി ഇന്ത്യ നടപടികൾ ആരംഭിച്ചിരുന്നു. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാം​ഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച ജയിലിൽ കഴിയുന്നവരുമായി സംസാരിക്കാൻ സാധിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു. ദഹ്‌റ ഗ്ളോബൽ ടെക്‌നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തറിലെ കോ‌ർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്.

ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോർട്ടുകൾ.

2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യൻ പൗരൻമാരെ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. ചാരവൃത്തിക്കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ ഇസ്രയേലിന് വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്.