India National

‘ഷുജ തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ല’

2014 തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വോട്ടിംങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായ ആരോപണവുമായി രംഗത്തെത്തിയ അമേരിക്കന്‍ ഹാക്കര്‍ സയ്ദ് ഷുജക്കെതിരെ ഇ.വി.എം നിര്‍മ്മാണക്കമ്പനി. 2014 തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്നായിരുന്നു അമേരിക്കന്‍ സൈബര്‍ വിദഗ്ധനായ സയ്ദ് ഷുജയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച ഇ.വി.എമ്മുകളുടെ നിര്‍മ്മാണത്തില്‍ താന്‍ പങ്കാളിയായിരുന്നതായും ഷുജ പറഞ്ഞിരുന്നു.

എന്നാല്‍ ഇ.വി.എം നിര്‍മ്മാണത്തില്‍ ഷുജ പങ്കാളിയായിരുന്നില്ലെന്നും തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ലെന്നുമാണ് ഇ.വി.എം നിര്‍മ്മാണ കമ്പനി നല്‍കുന്ന വിശദീകരണം. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡാണ് (ഇ.സി.ഐ.എല്‍) ഇതുസംബന്ധിച്ച വിശദീകരണവുമായി രംഗത്തെത്തിയത്.

2019- 2014 കാലയളവില്‍ താന്‍ ഇ.സി.ഐ.എല്ലില്‍ ജോലി ചെയ്തെന്നായിരുന്നു ഷുജ പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ ഇങ്ങനെ ഒരാള്‍ കമ്പനിയില്‍ ജോലി ചെയ്യുകയോ ഇ.വി.എം നിര്‍മ്മാണത്തില്‍ പങ്കാളിയാവുകയോ ചെയ്തിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇലക്ഷന്‍ കമ്മീഷനും കമ്പനി കത്ത് അയച്ചിട്ടുണ്ട്.