India National

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി സജ്ജമായെന്നും കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകും.

തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ രേഖയും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് സാധ്യമാകണമെങ്കിൽ കേന്ദ്ര സർക്കാർ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ടുവരണം. ഭേദഗതിക്ക് പാർലമെന്‍റിന്‍റെ അംഗീകാരം ആവശ്യമില്ലെന്നതിനാൽ സർക്കാരിന് വേഗത്തിൽ തീരുമാനമെടുക്കാം.

കമ്മീഷൻ വിശദീകരിക്കുന്നത് അനുസരിച്ച് വിദേശത്തുള്ള ഇന്ത്യൻ പൗരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതായി റിട്ടേണിങ് ഓഫീസറെ അറിയിക്കണം. റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കണം. ബാലറ്റ് പേപ്പർ പ്രിന്‍റ് ചെയ്തെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപത്രം കൂടി ചേർത്ത് തിരിച്ചയക്കണം. ബാലറ്റ് പേപ്പർ നേരിട്ട് അയക്കുകയാണോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.