India National

സാമ്പത്തിക രംഗത്ത് വീണ്ടും കനത്ത തിരിച്ചടി

രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങള്‍ വിപരീത വളര്‍ച്ചയില്‍ ആണെന്ന് വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4.7 ശതമാനം വളര്‍ച്ചയിലായിരുന്ന എട്ട് പ്രധാന വ്യവസായങ്ങളാണ് ഈ വര്‍ഷം അഗസ്റ്റില്‍ മൈനസ് 0.5 ശതമാനത്തിലേക്ക് ഇടിഞ്ഞത്. ഇതോടെ റിസര്‍വ് ബാങ്ക് പുതിയ വായ്പ അവലോകനത്തിലും റിപ്പോ നിരക്കില്‍ ഇളവ് വരുത്താനുള്ള സാധ്യതയേറി.

എട്ട് പ്രധാന വ്യവസായങ്ങളായ കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, സിമന്‍റ് അടക്കമുള്ളവയാണ് വിപരീത വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 4.7 ശതമാനവും ഈ വര്‍ഷം ജൂലൈയില്‍ 2.7 ശതമാനവുമായിരുന്നു ഈ വ്യവസായങ്ങളുടെ വളര്‍ച്ച. മോദി സര്‍ക്കാര്‍ നൂറ് ശതമാനം വിദേശനിക്ഷേപത്തിന് തുറന്നുകൊടുത്ത കല്‍ക്കരി മൈനസ് 1.6 ശതാനത്തില്‍ നിന്ന് മൈനസ് 8.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ മൈനസ് 4.4 ശതമാനത്തില്‍ നിന്നും മൈനസ് 5.4 ശതമാനത്തിലേക്കും ഇടിഞ്ഞു. എട്ടില്‍ അഞ്ച് വ്യവസായങ്ങളും വിപരീത വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സ്റ്റീല്‍ 5 ശതമാനവും , വളം 2.9 ശതമാനവും വളര്‍ന്നതായി വാണിജ്യ വ്യവസായ വകുപ്പ് പുറത്ത് വിട്ട കണക്ക് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ഈ എട്ട് പ്രധാന വ്യവസായങ്ങളാണ് ആകെ വ്യവസായിക ഉദ്പാദനത്തില്‍ 40.27 ശതമാനവും സംഭാവന നല്‍കുന്നത്. ഇതോടെ ഈ വാരം അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന റിസര്‍വ് ബാങ്കിന്‍റെ വായ്പ പുനരവലനോകനത്തില്‍ റിപ്പോ നിരക്ക് വീണ്ടും കുറക്കാനുള്ള സാധ്യത ബലപ്പെട്ടു.